ഭാഷ ശരിയായ ദിശയില്‍ തന്നെ..

തിങ്കള്‍, 20 ഓഗസ്റ്റ് 2007 (19:10 IST)
‘ശിരോ പത്മത്തില്‍ ആഘാതമേറ്റ പോല്‍‘..... എഴുതിയത് നമ്മുടെ ഭാഷയിലെ ഒരു ബുദ്ധി ജിവിയാണ്. തലയില്‍ അടിയേറ്റുവെന്നതിന്‍റെ സംസ്‌കൃതീകരിക്കപ്പെട്ട രൂപമാണിത്. എന്നാല്‍ ഈ ബാധ ഇപ്പോള്‍ കുറഞ്ഞു വരികയാണ്. പുതിയ തലമുറ യിലെ എഴുത്തുകാര്‍ എത്ര വലിയ ദാര്‍ശനിക സമസ്യയും എഴുതുകയാണെങ്കിലും സരളമായ ഭാഷയേ ഉപയോഗിക്കാറുള്ളൂ.

എന്തായിരിക്കും ഇതിന് കാരണം?.. സമൂഹത്തിലെ ഭൂരിപക്ഷവും സാധാരണക്കാരാണ്. പത്രവായനയാണ് ഇവരുടെ അക്ഷരജ്ഞാനത്തിന്‍റെ അടിത്തറ. പത്രങ്ങള്‍ സാധാരണ സരളമായ ഭാഷയാണ് ഉപയോഗിക്കാറ്. പത്രങ്ങളുടെ സരളമായ ഭാഷ പതുക്കെ സാഹിത്യത്തിലേക്കും പടര്‍ന്നു കയറി. അല്ലെങ്കില്‍ ഈ ഭാഷ സ്വീകരിക്കുന്നതിന് സാഹിത്യക്കാരന്മാര്‍ നിര്‍ബന്ധിതരായി. പത്ര ഭാഷയിലെ ലാളിത്യം സാഹിത്യത്തിലും വേണമെന്ന് വായനക്കാര്‍ ആഗ്രഹിക്കാന്‍ തുടങ്ങി. ദുര്‍ഗ്രഹമായ ഭാഷയിലുള്ളവ അവര്‍ തിരസ്കരിക്കാന്‍ തുടങ്ങി.

നാനോ ടെക്‍നോളജി പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും നമ്മുടെ യുവസാഹിത്യക്കാരന്മാര്‍ ലാളിത്യം സൂക്ഷിക്കുന്നു. ഇതിനു പുറമെ പ്രാദേശിക ഭാഷഭേദങ്ങള്‍ രചനകളില്‍ ഉപയോഗിക്കുന്നു. ഇതിന്‍റെ സാന്നിധ്യം ഇപ്പോള്‍ സിനിമകളിലും കാണുവാന്‍ കഴിയും. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ നമ്മള്‍ നമ്മുടെ പ്രാദേശിക ഭാഷ ഭേദങ്ങളെ നമ്മള്‍ അഭിമാനത്തോടെ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.

തുടക്കത്തില്‍ കൃത്രിമമായ ശൈലിയാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോള്‍ സ്വാഭാവികമായ ഭാഷയാണ് ചാനലുകള്‍ ഉപയോഗിക്കുന്നത്. പക്ഷെ, 98% ഇംഗ്ലീഷ് കലര്‍ത്തി ഭാഷയെ കൊന്നു തിന്നുന്ന രഞ്ജിനി ഹരിദാസിനെ പോലുള്ളവരുമുണ്ട്. എന്നാല്‍, സരളമായ ഭാഷയില്‍ സ്വാഭാവികതയോടെ സംസാ‍രിക്കുന്ന മലയാള മനോരമ ചാനലിലെ ശാലിനിയെ പോലുള്ളവരുമുണ്ട്.

യുവകഥാകാരിയായ ഇന്ദു മേനോന്‍ ഒരിക്കല്‍ പറഞ്ഞു. ഭാഷയുടെ സൌന്ദര്യം കളയുന്നത് പത്രപ്രവര്‍ത്തനമാണെന്ന്. എന്നാല്‍ അവര്‍ ഓര്‍ക്കേണ്ട കാര്യം ഒന്നുണ്ട്. ഭാഷയിലെ ലാളിത്യം അരക്കെട്ടുറപ്പിച്ചത് മാധ്യമങ്ങളാണ്.

വെബ്ദുനിയ വായിക്കുക