ആമുഖങ്ങള്‍ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് എം ടി. കഥാകാരനായും നോവലിസ്റ്റായും തിരക്കഥാകൃത്തായും ഈ മനുഷ്യന്‍ മലയാളിയുടെ സര്‍ഗലോകത്ത് നിരന്തരമായി ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ, മലയാളി ഏറ്റവും കൂടുതല്‍ ആവര്‍ത്തി വായിച്ചിട്ടുള്ളതും എം ടി യുടെ കൃതികള്‍ തന്നെയാകാം. അലയടിക്കുന്ന സാഗരത്തെ ഒരു മുത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്ന കൈത്തഴക്കമാണ്, ലാവണ്യമാണ് എം ടിയെ മലയാളത്തിന്റെ പ്രിയ കഥാകാരനാക്കി മാറ്റിയത്.
അറിയാത്ത മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളയാണ് തനിക്ക് ഏറെ പ്രിയം എന്ന് എം ടി ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. എം ടി കഥകളിലൂടെ കടന്ന് പോകുമ്പോള്‍ അനുവാചകര്‍ അനുഭവിക്കുന്നതും അതുതന്നെയാണ്. ജീവിതത്തിന്‍റെ ശ്ലഥ നിലീമകളില്‍ വായനക്കാരന്‍ അനുഭവിക്കാത്ത അല്ലെങ്കില്‍ അവന് പരിചിതമല്ലാത്ത സന്ദര്‍ഭങ്ങളും, വികാരങ്ങളും, സങ്കീര്‍ണ്ണതകളും എം ടിയുടെ കഥകളില്‍ അവതീര്‍ണ്ണമാകുന്നില്ല.
ഭാഷയുടെ നനുത്ത സ്‌പര്‍ശത്തിലൂടെ എം ടി കഥ പറയുമ്പോള്‍ നിളയുടെ ആര്‍ദ്രതകള്‍ വായനക്കാരന്‍റെ ബോധാബോധങ്ങളിലേക്കും പടര്‍ന്നിറങ്ങുന്നു. ആധുനികന്‍റെ പടച്ചട്ട എം ടി യുടെ മേല്‍ ചാര്‍ത്തിക്കൊടുക്കാമെങ്കിലും ആത്യന്തികമായി കാല്‌പനികതയുടെ നിലപാടുതറകളിലാണ് അദ്ദേഹം നിലയുറപ്പിക്കുന്നത്.
ജീവല്‍ സാഹിത്യം അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് എം ടി സാഹിത്യലോകത്ത് ചുവടുറപ്പിക്കുന്നത്. സാഹിത്യത്തിന്‍റെ സാമൂഹിക വശങ്ങള്‍ മാത്രം പ്രതിപാദിക്കുകയും അത്തരത്തിലുള്ളത് മാത്രമേ സാഹിത്യമാകൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു അത്. വ്യക്തി ജീവിതത്തിന്‍റെ താളപ്പിഴകളും, ഒറ്റപ്പെട്ടുപോകുന്ന, പരാജിതനായി വേദിയില്‍ തലതാഴ്‌ത്തി നില്‍ക്കുന്ന മനുഷ്യരുടേയും കഥയാണ് എം ടി പറഞ്ഞത്.
PRO
PRO
നിലവിലെ സാഹിത്യമാമൂല്‍ സിദ്ധാന്തങ്ങളെ എം ടിയുടെ സര്‍ഗലോകം നിരസിച്ചു. ഈ നാലുകെട്ട് പൊളിച്ച് കളഞ്ഞ് ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു വീട് വയ്‌ക്കണമെന്ന് നാലുകെട്ടിലെ തന്നെ ഒരു കഥാപാത്രം അഭിപ്രായപ്പെടുമ്പോള്‍ അത് എം ടിയുടെ നയ പ്രഖ്യാപനം കൂടിയായിരുന്നു.
പരാജിതന്‍റെ വേപഥുക്കളും പേറിയാണ് എം ടിയുടെ ഓരോ കഥാപാത്രങ്ങളും സഞ്ചരിച്ചിരുന്നത്. അപ്പുവായാലും വിമലയായാലും ഗോവിന്ദന്‍കുട്ടിയായാലും രണ്ടാമൂഴത്തിലെ ഭീമനായാലും ഈ ദുഃഖം ഉള്ളില്‍ പേറിയിരുന്നു. എം ടിയുടെ തിരക്കഥകളില്‍ പോലും ഇത്തരം നിരവധി കഥാപാത്രങ്ങളെ നമുക്ക് കാണാന്‍ കഴിയും. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യമാകാം ഇത്തരം ഒരു ബോധം ഉറവയെടുക്കാന്‍ എം ടിയില്‍ ഉള്‍പ്രേരകമായി വര്‍ത്തിച്ചത്.
അതീസങ്കീര്‍ണ്ണതകളും അപ്രാപ്യമോ അനുഭവവേദ്യമാകാത്തതോ ആയ വികാരങ്ങളും അദ്ദേഹത്തിന്‍റെ കൃതികളില്‍ നമുക്ക് കണ്ടെത്താന്‍ നമുക്ക് കഴിയില്ല. നോവലുകളെക്കാള്‍ എം ടിയുടെ കൈത്തഴക്കം ഏറി നിന്നത് അദ്ദേഹത്തിന്‍റെ ചെറുകഥകളിലായിരുന്നു.
ഒരു ശില്‍പി തന്റെ മുഴുവന്‍ കലാവിരുതും ആത്‌മാവും ചാലിച്ച് സൃഷ്ടിക്കുന്ന വിഗ്രഹം പോലെയായിരുന്നു അദ്ദേഹത്തിന്റെ ചെറുകഥകള്‍. അതുകൊണ്ട് തന്നെ പിന്നീട് സിനിമാ രൂപം പൂണ്ടതില്‍ പലതും അദ്ദേഹത്തിന്റെ മികച്ച ചെറുകഥകളോ നീണ്ട കഥകളോ ആയിരുന്നു. പള്ളിവാളും കാല്‍ച്ചിലമ്പും, വളര്‍ത്തുമൃഗങ്ങളും, കുട്ട്യേടത്തിയും, ഇരുട്ടിന്റെ ആത്‌മാവും ഇതിന് സാക്‍ഷ്യം വഹിക്കുന്നു.
PRO
PRO
കഥയേക്കാള്‍ തീവ്രമായിരുന്നു എം ടിയുടെ തിരക്കഥകള്‍. വര്‍ണ്ണവെളിച്ചങ്ങള്‍ക്കപ്പുറത്ത് തിരശീലയില്‍ വാര്‍ന്നുവീഴുന്ന ഇത്തിരി വെട്ടത്തില്‍ ജീവിതമാകണം പ്രതിഫലിക്കേണ്ടത് എന്ന ബോധം എം ടി വച്ചുപുലര്‍ത്തി. തിരശീലയിലെ ജീവിതങ്ങള്‍ക്ക് ആത്‌മാവ് പകര്‍ന്ന് കൊടുക്കുകയായിരിന്നു എം ടി ചെയ്‌തത്.
കാമാതുരനായ നായകനും അവന്റെ പിന്നാലെ ഓടുന്ന നായികയ്‌ക്കും പകരം ജീവതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കഥാപാത്രങ്ങള്‍ മലയാളി ആദ്യം കണ്ടതും എം ടിയുടെ തിരക്കഥകളിലൂടെയായിരുന്നു. എല്ലാ ജീവിതങ്ങളും എല്ലായ്‌പ്പോഴും വിജയമാകില്ല എന്ന് ഈ തിരക്കഥകള്‍ നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
നിളയായിരുന്നു എം ടിയുടെ ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ടുതന്നെ നദിയും അതിന്‍റെ നൈര്‍മ്മല്യതകളും അതിന് ചുറ്റുമുള്ള പച്ചയായ ജീവിതവും എം ടി ആവിഷ്കരിച്ചു. നവനാഗരികതയിലേക്ക് വേഗം കുടിയേറിയ മലയാളിയ്‌ക്ക് എം ടിയുടെ നനവാര്‍ന്ന ഭാഷയും പച്ചയായ ജീവിതവും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണ് ഉണര്‍ത്തിവിട്ടത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നാഗരികതയുടെ സങ്കീര്‍ണ്ണതകളില്‍ നിന്ന് നാട്ടിടവഴികളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു ഓരോ മലയാളിക്കും എം ടിയിലൂടെയുള്ള യാത്ര.
അരനൂറ്റാണ്ടിലേറെയായി ഈ ഗൌരവക്കാരനായ മനുഷ്യന്‍റെ സാഹിത്യം മലയാളിക്കൊപ്പമുണ്ട്. നമുക്കിടയിലൂടെ, നമ്മെ തന്നെ ഓരോ കഥാപാത്രവുമായി വരഞ്ഞിട്ടു കൊണ്ട്, നിളയെപ്പോലെ ഒഴുകിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍. നാലുകെട്ടിന്‍റെ വരാന്തയിലിരുന്ന്, രണ്ടാമൂഴക്കാരായി കടന്നുപോകുന്ന നമ്മുടെയെല്ലാം ജീവിതത്തിന്‍റെ മഞ്ഞുകാലത്തെ പറ്റി എം ടി എഴുതിക്കൊണ്ടേയിരിക്കുന്നു.