ഡിഫിയുടെ ഗുണ്ടകളെ ജനം കൈകാര്യം ചെയ്യും!

തിങ്കള്‍, 11 ജനുവരി 2010 (18:34 IST)
PRO
PRO
പയ്യന്നൂരില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സക്കറിയയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധം വ്യാപകം. ഡിഫിയുടെ ഗുണ്ടകളെ ജനം കൈകാര്യം ചെയ്യുന്ന സ്ഥിതി വരുമെന്ന് പുനത്തില്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു. സംഭവം താന്‍ അറിഞ്ഞില്ലെന്നും കൂടുതല്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ സാംസ്‌കാരിക അധപതനത്തിന്റെ തെളിവാണ് കയ്യേറ്റമെന്നും ചൈനീസ് മോഡല്‍ നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

“അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഡിവൈഎഫ്‌ഐയെ ഇങ്ങനെ അഴിച്ചുവിട്ടാല്‍ സിപിഎമ്മിന്‌ ബംഗാളിലെ സ്ഥിതിവരും. ഒന്നിനും പക്ഷം പിടിക്കാത്ത സ്വന്തം മതത്തിനെതിരെ വരെ തുറന്നുപറയുന്ന സക്കറിയയെ കയ്യേറ്റം ചെയ്‌തത്‌ കാടത്തമാണ്‌. ഡിവൈഎഫ്‌ഐയില്‍ പണ്ടുകാലത്തുണ്ടായിരുന്ന പ്രതീക്ഷ പൂര്‍ണമായും നഷ്ടപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പില്‍ ഇതിന്റെ കൂടി പാഠം സിപിഎം പഠിക്കും. വെള്ളം പോലും കിട്ടാത്ത അവസ്ഥ അവര്‍ക്ക്‌ കേരളത്തിലുണ്ടാകും. ഡിവൈഎഫ്‌ഐയുടെ ഗുണ്ടായിസത്തെ ഗുണ്ടായിസം കൊണ്ടുതന്നെ ജനം നേരിടേണ്ടിവരും” - സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള

“പുസ്തകപ്രകാശന ചടങ്ങിന്‌ പയ്യന്നൂരിലെത്തിയ സക്കറിയയെ ഡിവൈഎഫ്‌ഐക്കാര്‍ കയ്യേറ്റം ചെയ്തതിനെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയുന്നില്ല. കാര്യങ്ങള്‍ ശരിയായി മനസിലാക്കിയ ശേഷം വിശദമായി പ്രതികരിക്കും. എന്തെങ്കിലും പറഞ്ഞ്‌ വിവാദമുണ്ടാക്കാന്‍ എനിക്കിപ്പോള്‍ താല്‍പര്യമില്ല” - കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എം മുകുന്ദന്‍.

“തനിക്കു ശരിയാണെന്നു തോന്നുന്ന അഭിപ്രായം പറയുന്നതാണ്‌ സക്കറിയയുടെ ശൈലി. തങ്ങള്‍ക്കിഷ്ടപ്പെട്ടതു മാത്രമേ മറ്റുള്ളവര്‍ പറയാവൂ എന്ന്‌ ശഠിക്കരുത്‌. സക്കറിയക്കെതിരേ നടന്ന കൈയേറ്റശ്രമവും അസഭ്യവര്‍ഷവും അങ്ങേയറ്റം അപലപനീയമാണ്‌. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മാപ്പുപറയാന്‍ സംഘടന തയ്യാറാവണം” - മന്ത്രി എം‌എ ബേബി

“തങ്ങള്‍ക്കു ഹിതകരമല്ലെന്നു തോന്നുന്ന അഭിപ്രായം പറയുന്നതിന്റെ പേരില്‍ സംഘംചേര്‍ന്ന്‌ എതിര്‍ക്കുന്നതു ശരിയല്ല. കൈയൂക്ക്‌ ഒന്നിനും പരിഹാരമല്ല. അങ്ങനെ ചെയ്യുന്നതു നാം പ്രതിനിധീകരിക്കുന്ന സംഘടനയെ കരിവാരിത്തേക്കുന്നതിനു മാത്രമേ ഉപകരിക്കൂ. മനസ്സില്‍ നന്മയുള്ളവര്‍ക്കു മാത്രമേ ജനപക്ഷത്ത്‌ നിന്നു പ്രവര്‍ത്തിക്കാന്‍ കഴിയുള്ളൂ.” - പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് യു എ ഖാദര്‍

“രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ അങ്ങേയറ്റം അപമാനകരമായ രീതിയില്‍ പെരുമാറിയ രാജ്മോഹന്‍ ഉണ്ണിത്താനെ അനുകൂലിക്കുന്ന നിലപാടാണു സക്കറിയ സ്വീകരിച്ചത്‌. എന്നാല്‍, വിയോജിപ്പുള്ളവരെ കായികമായി നേരിടുന്നതു ഡി.വൈ.എഫ്‌.ഐയുടെ രീതിയല്ല. സമൂഹത്തിനു മാതൃകയാവേണ്ട പൊതുപ്രവര്‍ത്തകര്‍ സദാചാരവിരുദ്ധമായി പെരുമാറുന്നത്‌ അംഗീകരിക്കാനാവില്ല. സക്കറിയയെ കൈയേറ്റം ചെയ്തതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടോയെന്ന്‌ അന്വേഷിക്കും. സക്കറിയയെ ആക്രമിച്ചവര്‍ക്കെതിരേ സംഘടനാ നടപടികള്‍ സ്വീകരിക്കണമോയെന്നതു പിന്നീട്‌ തീരുമാനിക്കും” - ടിവി രാജേഷ്

“രാഷ്ട്രീയ-സാമൂഹ്യ രംഗത്തുള്ളവര്‍ക്കു വേദനിക്കുന്ന പല കാര്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. അതില്‍ അസഹിഷ്ണത കാണിച്ചിട്ടു കാര്യമില്ല. ജനാധിപത്യം ഹനിക്കുന്ന രീതിയില്‍ സക്കറിയായോടു പെരുമാറിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സക്കറിയയെ അക്രമിച്ചത് അപലപനീയമാണ്” - കേന്ദ്രമന്ത്രി കെവി തോമസ്

“സക്കറിയയുടെ പ്രസംഗം കഴിഞ്ഞ്‌ ഹോട്ടലില്‍ എത്തി ഒരു മണിക്കൂറിനുശേഷം പുറത്തേക്കിറങ്ങി കാറില്‍ കയറുമ്പോള്‍ അഞ്ചെട്ടു യുവാക്കള്‍ കാര്‍ വളഞ്ഞ്‌ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. സക്കറിയയുടെ നെഞ്ചിനു പിടിച്ച്‌ പലതവണ തള്ളി. സക്കറിയയുടെ സമചിത്തത ഒന്നുകൊണ്ടു മാത്രമാണ്‌ അവിടെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്‌. സക്കറിയക്കു നേരെ നടന്ന കയ്യേറ്റ ശ്രമം കേരളത്തിലെ സിപിഎം എന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ ജീര്‍ണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.” - സംഭവത്തിന് സാക്ഷിയായ നാടകകൃത്ത്‌ എന്‍ ശശിധരന്‍

കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, എംഎം ഹസന്‍ തുടങ്ങിയ നേതാക്കളും കവി സച്ചിദാനന്ദന്‍, സംവിധായകന്‍ കുമാര്‍ ഷഹാനി, ഡോക്‌ടര്‍ കെഎന്‍ പണിക്കര്‍, കെജി ശങ്കരപ്പിള്ള, ബി രാജീവന്‍, ശശികുമാര്‍, ടിഎന്‍ ജോയ്‌, ഡി വിനയചന്ദ്രന്‍ തുടങ്ങിയവ സാംസ്കാരിക പ്രവര്‍ത്തകരും സക്കറിയയ്ക്ക് എതിരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക