മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവു മാണ് സി വി രാമന്‍ പിള്ള . ചരിത്രാഖ്യായികള്‍ രചിച്ച രാമന്‍ പിള്ളയെ മലയാളത്തിലെ സ്കോട്ട് എന്നു ചിലര്‍ വിശേഷിപ്പിക്കുന്നു
19-05-1858ല്‍ തിരുവനന്തപുരത്ത് ജനനം. മരണം 21-03-1922ല്‍.
1881-ല്‍ ബി.എ. ബിരുദം നേടി. ഹൈക്കോടതിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. പൊതുപ്രവര്‍ത്തനങ്ങളിലും പത്രപ്രവര്‍ത്തനത്തിലും വ്യാപൃതനായി. വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം ഇംഗ്ളീഷ് നോവലുകള്‍ വായിച്ചിരുന്ന സി.വി. മലയാളത്തിലെ ആദ്യത്തെ ആഖ്യായിക-ചരിത്രനോവല്‍ ആയ മാര്‍ത്താണ്ഡവര്‍മ്മ 1890ല്‍ പ്രസിദ്ധപ്പെടുത്തി.
എങ്കിലും തുടര്‍ന്നുള്ള ഇരുപതോളം വര്‍ഷത്തിനിടയില്‍ സി.വി. രചിച്ചത് ചന്ദ്രമുഖീവിലാസം, കുറിപ്പില്ലാക്കളരി എന്നീ പ്രഹസനങ്ങള്‍ മാത്രമായിരുന്നു.
1905 ല്‍ ഗവണ്‍മെന്‍റ് പ്രസ് സൂപ്രണ്ടായി. സാമുദായിക സംഘടനാ പ്രവര്‍ത്തനങ്ങളിലും മലയാളി മെമ്മോറിയല്‍ മുതലായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. നിയമപഠനം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. ഇടയ്ക്കു കുറേക്കാലം ചെന്നൈയില്‍ താമസിച്ചു.
മൈസൂറും ഹൈദരാബാദും സന്ദര്‍ശിച്ചു. അവിടങ്ങളില്‍നിന്ന് ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ ആഖ്യായികള്‍ക്കുള്ള ചരിത്രവസ്തുതകള്‍ ശേഖരിച്ചു.ഉദ്യോഗത്തില്‍നിന്നു വിരമിച്ചതിനുശേഷം പൊതു പ്രവര്‍ത്തനങ്ങളിലും സാഹിത്യരചനയിലും പൂര്‍ണമായി മുഴുകി. ഇംഗ്ളീഷിലും മലയാളത്തിലും പത്രപ്രവര്‍ത്തനവും ലേഖനമെഴുത്തും തൊഴിലാക്കി. ഇതിഹാസങ്ങളില്‍ മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന അത്യഗാധമായ ജീവിതവീക്ഷണവും ഭാവനാശക്തിയും സി.വി യുടെ സാഹിത്യ സൃഷ്ടികളില്‍ തുടിച്ചുനില്‍ക്കുന്നു. എഴുപതില്‍പ്പരം കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുത്തിട്ടും അവയിലൊന്നു പോലും മറ്റൊന്നിന്‍റെ അനുകരണമായില്ല.
അനുവാചക ഹൃദയത്തില്‍ എന്തെന്നില്ലാത്ത വികാര വിചാരങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ മിഴിവുറ്റ കഥാപാത്രങ്ങള്‍ !. കാലം സി.വി. യുടെ മുന്നില്‍ ഒരു മൂര്‍ത്തിയായിരുന്നു. അദ്ദേഹം വര്‍ത്തമാനം കൊണ്ട് ഭൂതത്തെ തൊട്ട്, പിന്നെ വര്‍ത്തമാനത്തെ നിരാകരിച്ച് മാനവികതയെ സൃഷ്ടിക്കുവാന്‍ കാഴ്ചക്കാരനെ അഥവാ വായനക്കാരനെ പ്രേരിപ്പിച്ചു.
മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം സി.വി. വിപുലമായ അനുഭവസമ്പത്തിനെ ആസ്പദമാക്കി രചിച്ച ആഖ്യായികകളാണ് ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1918) എന്നിവ. തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ പശ്ഛാത്തലത്തില്‍ കല്പിത കഥാപാത്രങ്ങളെയും കല്പിത സംഭവങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളവയാണ് മൂന്ന് ആഖ്യായികകളും.
വാള്‍ട്ടര്‍ സ്കോട്ടിന്‍റെ ഐവാന്‍ ഹോയെ മാതൃകയാക്കിയാണ് മാര്‍ത്താണ്ഡവര്‍മ്മ രചിച്ചിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ സംഭവപ്രധാനവും സരളവുമാണ്. യുവരാജവും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് അതിന്‍റെ പശ്ഛാത്തലം.
പില്‍ക്കാലത്തു രാജാവിന് എതിരായി നടന്ന ഗൂഢാലോചനയെയും മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തെയും പശ്ഛാത്തലമാക്കി രചിച്ച ധര്‍മ്മരാജായും രാമരാജബഹദൂറും അനേകം കഥാതന്തുക്കള്‍ കൂടിച്ചേര്‍ന്ന സങ്കീര്‍ണേതിവൃത്തങ്ങള്‍ ചിത്രീകരിക്കുന്നു. അവയാണ് സി.വി.യുടെ മികച്ച കൃതികള്‍. അസാമാന്യ വ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ അവതരണമാണ് ഈ ആഖ്യായികയുടെ പ്രത്യേകത.
പ്രേമാമൃതം (1915) എന്ന സാമൂഹിക നോവലും , കുറുപ്പില്ലാക്കളരി, പണ്ടത്തെ പാച്ചന്‍ തുടങ്ങി ഒമ്പത് പ്രഹസനങ്ങളും സി.വി. രചിച്ചു.
രാജഭക്തനായിരുന്ന സി വി ചരിത്രത്തോട് നീതി പുലര്‍ത്തിയില്ല എന്നൊരു ആക്ഷേപമുണ്ട്. ചരിത്രമെഴുതുകയായിരുന്നില്ല. കാല്‍പ്പനിക നോവലുകല്‍ ഏഴുതുകയായിരുന്നു. അതില്‍ അക്കലത്തെ സമൂഹിക പശ്ഛാത്തലം വന്നു പോയത് യാദൃശ്ഛികം എന്നായിരുന്നു രാമന് പിള്ളയുടെ വാദം.
ഏട്ടുവീട്ടില്‍ പിള്ളമാരുടെ പുരോഗമന ചിന്താഗതിയെ, രാജ്യദ്രോഹമായും കൊള്ളരുതായ്മകളായും ചിത്രീകരിച്ചത് സ്വയം ഒരു നായരായ രാമന്‍ പിള്ള്ളയാണല്ലോ എന്ന് ഇന്ന് എന്‍ എസ് എസ് കാര്‍ പരിതപിക്കുന്നു.
ഇളയപുത്രി മഹേശ്വരി അമ്മയെ വിവാഹം ചെയ്തത് ഹാസ സമ്രാട്ടും അടൂര്‍ ഭാസിയുടെ അച്ഛനുമായ ഇ വി കൃഷ്ണ പിള്ളയാണ്. സി.വി.യുടെ സ്മരണ നിലനിറുത്തുന്നതിനുവേണ്ടി തിരുവനന്തപുരത്ത് സി.വി.രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചുവരുന്നു.