ഇടുക്കി ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്നതാണ് തീരുമാനമെന്ന സ്ഥിരീകരണം നല്‍കി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇടുക്കി അടക്കം കോണ്‍ഗ്രസ് മത്സരിക്കുന്ന കേരളത്തിലെ പതിനഞ്ച് സീറ്റിലെയും സ്ഥാനാര്‍ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞു.
ഇടുക്കി വിട്ടുകൊടുക്കുന്നതിലുള്ള കോണ്‍ഗ്രസിന്റെ ബുദ്ധിമുട്ടും പ്രയാസങ്ങളും കേരള കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്ന് സുധീരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അവകാശവാദം നിലനില്‍ക്കുന്നുവെന്നത് ശരിയാണ്. അവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം അറിയിയില്ലെന്നും സുധീരന്‍ പറഞ്ഞു. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് തന്നെയാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി നേതാവ് ആന്റണി രാജുവും പിസി ജോര്‍ജും വ്യക്തമാക്കി കഴിഞ്ഞു.
ലോക്‍സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നേതാക്കള്‍ സ്ക്രീനിങ്ങ് കമ്മിറ്റിക്കി കൈമാറി. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമാണ് ഡല്‍ഹിയിലെത്തിയത്.