പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. പട്ടേൽ സംവരണ പ്രക്ഷോഭ കേസിൽ തനിക്കെതിരായ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന ഹാർദിക് പട്ടേലിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹാർദിക് പട്ടേൽ സുപ്രീം കോടതിയെ സമീപിച്ചത്.
കോൺഗ്രസ് നേതാവിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് നിരീക്ഷിച്ച കോടതി ഹാർദിക് പട്ടേലിന്റെ ആവശ്യം തള്ളുകയായിരുന്നു. 17 എഫ്ഐആറുകളുകളാണ് ഹാർദിക് പട്ടേലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനു പുറമേ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന കേസുകളും കണക്കിലെടുത്താണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.