എന്‍റെ കവിതയുടെ സത്തായി ഒരു ജീവിതവീക്ഷണം ഊറിക്കൂടിയിട്ടുണ്ടെന്നു സാമാന്യമായി പറയാമെന്നു തോന്നുന്നു. ഭൗതികമായും ആത്മീയവുമായുള്ള ജീവിത പ്രതിഭാസങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. ഇവിടെ അണ്ടിയോ മാവോ മൂത്തതെന്ന പ്രശ്നം എന്നെ അലട്ടുന്നില്ല.
സത്യത്തിന് ആയിരം മുഖങ്ങളുണ്ട്. ഈ പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളും എല്ലാ വസ്തുതകളും അന്യോന്യ സഹകാരികളായിത്തന്നെ വര്‍ത്തിക്കുന്നു. അപ്പോളാണവ ശക്തവും സുന്ദരവുമായിത്തോന്നുന്നത്. കാണാവുന്നവയുടെ ലക്ഷാംശം പോലും നാം കണ്ടു കഴിഞ്ഞിട്ടില്ല.
ഭൗതികവും മാനസികവുമായി എല്ലാത്തരം ചൂഷണങ്ങളെയും ഞാനതിനാല്‍ വെറുക്കുന്നു. എല്ലാവരും വേലചെയ്യുന്നതും കൈയിലും നാവിലും ചങ്ങല വീഴാത്തതും തലയും വയറും നിറയുന്നതുമായ ഒരു നവലോകത്തെപ്പറ്റി ഞാനും സ്വപ്നം കാണുന്നു.
എങ്കില്‍ക്കൂടി മനുഷ്യമനസ്സു സംതൃപ്തിയടയുന്ന കാലം ഉണ്ടാവുകയില്ല എന്നാണെന്‍റെ ചെറുബുദ്ധിക്കു തോന്നുന്നത്. ചക്രവാളം എത്ര സുന്ദരമാണ് എങ്കിലും അത് എപ്പോഴും അകലയേ നില്ക്കൂ.
ക്ഷമാശീലനു മാത്രമേ സുഖമുള്ളൂ അഥവാ സുഖം എന്നത് ദുഃഖത്തെ മറക്കല്‍ മാത്രമാണ്. ദുഃഖത്തിന്നൊരൊറ്റ പ്രത്യൗഷധമേ ഉള്ളൂ: സ്നേഹം. അവിടെയാണ് മനുഷ്യന്‍.
WD
WD
എല്ലാ സാഹിത്യകാരന്മാരും വിചാരിക്കാറുള്ളത് അര്‍ഹിക്കുന്ന പ്രശസ്തി തനിക്കു കിട്ടുന്നില്ലല്ലോ എന്നാണത്രെ. ഇതേ ബോധം എനിക്കും ഉണ്ടാവാറുള്ളതാണ്. എങ്കിലും, അര്‍ഹിക്കുന്ന പ്രശസ്തി ആര്‍ക്കും കിട്ടാതെ പോവുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു ഊഹം എനിക്കുണ്ട്.
എന്നെ സംബന്ധിച്ചാണെങ്കില്‍ ഒരു ദിവസം കാലത്തെണീറ്റു നില്ക്കുമ്പോള്‍ ഭാഗ്യം തലയിലേക്കിടിഞ്ഞു വീഴുക എന്നത് ഉണ്ടായിട്ടില്ല. ഭാഗ്യത്തിനു കീഴില്‍ അതൊന്നിടഞ്ഞുവീണെങ്കിലായി എന്ന വിചാരത്തോടെ പലപ്പോഴും ചെന്നുനിന്നിട്ടുണ്ടെന്നതു തുറന്നു പറയാന്‍ ലജ്ജിക്കുന്നുമില്ല.
എങ്കിലും പറയട്ടെ: വിവേചന ബുദ്ധിയോടെ ഇന്നിന്നതെല്ലാം പ്രതീക്ഷിക്കാമെന്നു കണ്ടതില്‍ കലാംശം എപ്പോഴും എനിക്കു ലഭിച്ചിട്ടുണ്ട്. അതാകട്ടെ, ഓര്‍ക്കാതിരിക്കുമ്പോഴാണ് വന്നു ചേരാറുള്ളതും. തന്മൂലം പ്രതീക്ഷ മുഴുവന്‍ ഫലിച്ചാലത്തെ സന്തോഷം ഞാനനുഭവിക്കുന്നു. അതുകൊണ്ടാവാം, എനിക്കു പരാതിയൊന്നുമില്ല.
എന്‍റെ രചനകളില്‍ എഴുപത്തഞ്ചു ശതമാനവും ജീവനുറ്റവയാണെന്നു തന്നെ വിചാരിക്കുന്നു. താങ്ങാന്‍ വയ്യാത്ത വിധം കനത്ത പ്രശംസ അറിയാതിരിക്കെ കടന്നു വന്നു. ചിലപ്പോള്‍ ഉഗ്രമായ നിരൂപണമായിരിക്കും. രണ്ടും തെളിയിക്കുന്നത് ഒന്നു തന്നെയാണല്ലോ.
പൊതുവേ പറഞ്ഞാല്‍ നിരൂപണം എന്നെ രസിപ്പിക്കുകയാണ് പതിവ്. ഞാന്‍ ഗൗനിക്കപ്പെടുന്നുവല്ലോ എന്നൊരു രസം. ദുര്‍ലഭം ചിലപ്പോള്‍ നിരൂപകന്‍റെ ഉദ്ദേശ്യം സത്യാന്വേഷണത്തിനപ്പുറം വല്ലതുമാണെന്നു മനസ്സിലാകുമ്പോള്‍ ദുഃഖം തോന്നിയിട്ടുണ്ട്.
Sasi
SASI
എന്തായാലും ആരോടും പിന്നോക്കം നില്കുന്ന യാതൊരു വിരോധവും എനിക്കില്ല. കാരണം, എതു മനുഷ്യനും തന്‍റേതായ ഒരു ലോകത്തുവച്ചു കരയുന്നവനാണെന്ന വിചാരം എന്നില്‍ മുന്നിട്ടു നില്‍ക്കുന്നു.
ഏറ്റവും നല്ല എന്‍റെ കവിത എഴുതപ്പെടാനിരിക്കുകയാണെന്നാണ് എപ്പോഴും വിശ്വാസം. ഓരോന്നു എഴുതിത്തീരുമ്പോള്‍, അതു മുമ്പത്തേതിലും മീതെയായിട്ടുണ്ട് എന്നാണ് ഭാവം.
എഴുതി വരുമ്പോള്‍ അഭൂതപൂര്‍വ്വമാം വിധമുള്ള ഓരോ ആനവാതിലുകള്‍ ഹൃദയത്തിലേക്ക് "ടും ടും' എന്നു തുറക്കപ്പെടുന്നതായിത്തോന്നുന്നു. പകുതിക്കല്‍വെച്ച് പലതും ചീന്തിക്കളയുന്നു. എല്ലാം പല പല തവണ തിരുത്തപ്പെടുന്നു. മദ്ധ്യത്തിലോ അവസാനത്തിലോ ഇന്നേടത്തെന്നു പറഞ്ഞുകൂടാ-ഉള്ള വരികളാവും ചിലപ്പോള്‍ ആദ്യം പുറത്തുചാടുന്നത്.
അവ കടലാസ്സില്‍ വീണശേഷം എത്രയോ കഴിഞ്ഞാവാം ആ കവതയുടെ ഭാവിസന്ധിശില്പങ്ങള്‍ തെളിഞ്ഞുകിട്ടുന്നത്. എത്രയോ മുമ്പുമുതല്‍ ഭാവസന്ധിശില്പങ്ങള്‍ ഒരുക്കിക്കഴിഞ്ഞ കവിതകള്‍ ഇന്നും എഴുതാന്‍ കഴിയാതെ കിടക്കുകയാണ്.
ഇനി അവ എഴുതന്നതാകട്ടെ. ഇപ്പോഴുള്ള ഭാവസന്ധി ശില്പങ്ങളെ അപ്പടി അവഗണിച്ചുകൊണ്ടായെന്നും വരും. "ഞാനിതു രചിക്കുമെന്നു വിചാരിച്ചിട്ടില്ല' എന്നു തോന്നത്തക്കവിധം പല കവിതകളും രണ്ടോ നാലോ മണിക്കൂറുകള്‍കൊണ്ടു പണിതീര്‍ന്നു കിട്ടിയിട്ടുമുണ്ട്.
ഞാനല്ലാ ഇതൊന്നും ചെയ്യുന്നത്, മനസിലുള്ള മറ്റൊരാളാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എന്‍െ്ര അരിവിലുള്ളതാണോ എന്ന് അമ്പരക്കേണ്ടി വന്നിട്ടുണ്ട്. ഈ കവിത എനിക്ക് മുഴുമിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഒരിക്കല്‍ തോന്നും.
WD
WD
അടുത്ത നിമിഷം ഒരനുഭൂതികല്ലോലം രൂപപ്പെട്ടുവെന്ന് എല്ലാം എഴുതിക്കുകയും ചെയ്യും. എഴുതുവാന്‍ ആരംഭിച്ചാല്‍ പിന്നെ അസഹ്യമായ ഒരു വേദനായാണ്, ഭ്രാന്താണ്. ദിവസങ്ങളോളം അതു നീണ്ടു നിന്നേക്കാം.
അതിനിടയ്ക്ക് ഭക്ഷണവും ഉറക്കവുമൊന്നും ശരിക്കു നടക്കുകയില്ല. വല്ലതും വല്ലപ്പോഴും കുറച്ചു വാരിത്തിന്നും, വല്ലപ്പോഴും കുറച്ചുറങ്ങും, എഴുതിയെഴുതി കൈകടയുമ്പോഴൊക്കെ ഓരോന്നു മുറുക്കും, അല്ലെങ്കില്‍ പുകവലിക്കും.
കഴിഞ്ഞാലോ, അതൊരു നിര്‍വൃതി തന്നെയാണ്. ഞാനൊരു വല്ലാത്ത മനുഷ്യന്‍ത്തന്നെ എന്ന് തോന്നിപ്പോവുന്നു.
കുറെ കഴിഞ്ഞാല്‍ തോന്നും ഇനി ഞാനൊരിക്കലും ഒരു സാഹിത്യസൃഷ്ടിയും ചെയ്യില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. മനസ്സുറയ്ക്കുന്നില്ല, ആലോചിക്കാന്‍ വയ്യ, വായിക്കാനും വയ്യ!
ഞാന്‍ എന്തിനുവേണ്ടി കവിതയെഴുതുന്നു? സമുദായത്തെ സേവിക്കാന്‍വേണ്ടിയാണോ? അതു ചെയ്യണമെന്ന തീവ്രാഭിവാഞ്ച ഉണ്ടെന്നതു വാസ്തവം.
പക്ഷേ, അതിനു മാത്രമാണെങ്കില്‍ വിഷയമെല്ലാം ഒരുങ്ങിയിട്ടും പുറമേനിന്നുള്ള ആവശ്യം വരുമ്പോഴൊക്കെ എഴുതുവാന്‍ സാധിക്കുന്നില്ലല്ലോ! എന്നാല്‍ എന്‍റെ ആഹ്ളാദത്തിനുവേണ്ടിയാണോ?
എങ്കില്‍ എനിക്കു വേണമെന്നു തോന്നുമ്പോഴൊക്കെ എഴുതാന്‍ കഴിയേണ്ടതാണ്. അതും സാധിക്കുന്നില്ല. എന്നല്ല, പിന്നൈയൊരിക്കല്‍ ആവാമെന്നുവെച്ചു തടുത്ത നിറുത്തുവാന്‍ സാധിക്കാത്ത അസ്വസ്ഥത ചിലപ്പോള്‍ കവിതയായി പുറത്തുചാടുകയും ചെയ്യുന്നുണ്ട്.
ഇതാണ് ആകെപ്പാടെ സ്ഥിതി. എന്തുവേണമെങ്കിലും ഊഹിച്ചു കൊള്ളുക