ചിങ്കിരി മുയലിന്‍റെ സുത്രം

P.S. AbhayanWD
വലിയ സൂത്രക്കാരിയായിരുന്നു ചിങ്കിരി മുയല്‍. ആരെയും പറ്റിച്ചു കാര്യം നേടും. അതുകൊണ്ടു തന്നെ പലര്‍ക്കും ചിങ്കിരി മുയലിനെ ഇഷ്ടമില്ല. ഒരുദിവസം അക്കരെക്കാട്ടിലെ കൂട്ടുകാരിയെ കാണാന്‍ പോയി മടങ്ങിവരികയായിരുന്നു ചിങ്കിരി‍. നട്ടുച്ച നേരം, ചൂടും ദാഹവും കൊണ്ട് ചിങ്കിരി മുയല്‍ ആകെ തളര്‍ന്നു.

നോക്കുമ്പോള്‍ അതാ പൊന്നിപ്പശു നില്‍ക്കുന്നു. ‘ആഹാ, കുറച്ച് പാലുകിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. ’ചിങ്കിരി മുയല്‍ വിചാരിച്ചു. എന്നിട്ടു പൊന്നിപ്പശുവിനോടു ചോദിച്ചു. ‘പശുവമ്മേ, പശുവമ്മേ കുറച്ചു പാല്‍ തരുമോ?’ സൂത്രക്കാരി പശുവമ്മയുണ്ടോ പാല്‍ കൊടുക്കുന്നു.

പശുവമ്മ പറഞ്ഞു. ‘അയ്യയ്യോ ചിങ്കിരി മുയലേ അതെന്‍റെ കുഞ്ഞന്‍ കിടാവിനുള്ളതാ. അതു തരാന്‍ പറ്റില്ല.’ കുറച്ചുനേരം ചോദിച്ചിട്ടും രക്ഷയില്ലെന്നു മനസ്സിലായ ചിങ്കിരി മുയല്‍ നടന്നു. പെട്ടന്ന് അവള്‍ക്കൊരു ബുദ്ധി തോന്നി. അവള്‍ തിരിച്ചു വന്ന് പശുവമ്മയോടു പറഞ്ഞു. “ പശുവമ്മേ പശുവമ്മേ പാലില്ലെങ്കില്‍ വേണ്ട. എനിക്കൊരു ഉപകാരം ചെയ്തു തരുമോ.”

പശുവമ്മ ഗൌരവത്തില്‍ ചോദിച്ചു. ‘എന്താ കാര്യം?’ ചിങ്കിരി പറഞ്ഞു-പുല്ലാന്നിമേട്ടിലുള്ള ഞാവല്‍മരത്തില്‍ ഞാവല്‍ക്കാ പഴുത്തുനില്‍ക്കുന്നു. അതൊന്നു പറിച്ചുതന്നാ മതി. “അയ്യയ്യോ ചിങ്കിരി മുയലേ.. എനിക്ക് മരം കയറാനൊന്നും അറിയില്ല. പൊന്നിപ്പശു പറഞ്ഞു. “പശുവമ്മ മരത്തിലൊന്നും കയറണ്ട. ആ കൊമ്പുകൊണ്ട് മരമൊന്നു കുലുക്കിത്തന്നാല്‍ മതി.” ചിങ്കിരിമുയല്‍ പറഞ്ഞു.

പശുവമ്മ സമ്മതിച്ചു. ഇരുവരും പുല്ലാന്നിമ്മേട്ടിലേക്കു നടന്നു. ഞാവല്‍മരം കണ്ടപ്പോള്‍ പശുവമ്മ പറഞ്ഞു. ഇത്രേയുള്ളോ കാര്യം. ഇപ്പോ പറിച്ചു തരാം. അവള്‍ കൊമ്പുകൊണ്ട് മരം തള്ളി. അനക്കമില്ല. വീണ്ടും നോക്കി. രക്ഷയില്ല. ഞാവല്‍ക്കായകള്‍ എല്ലാം പച്ചയാണ് അതെങ്ങനെ വീഴാന്‍.

കലിവന്ന പശുവമ്മ പിന്നിലേക്കു നടന്ന് ഓടിവന്ന് മരത്തിനിട്ട് ഒറ്റയിടി..‘ടക്’ പശുവമ്മയുടെ കൊമ്പ് ഞാവല്‍‌മരത്തില്‍ കുടുങ്ങി. ഊരിയെടുക്കാന്‍ നോക്കിയിട്ട് ഒരു രക്ഷയുമില്ല. പശുവമ്മ പറഞ്ഞു. ചിങ്കിരിമുയലേ.. നീയെന്നെ ഒന്നു സഹായിക്ക് .പോയി ആ പീലുക്കാളയെ ഒന്നു വിളിച്ചുവാ. ശരിയെന്നു തലകുലുക്കി ചിങ്കിരിമുയല്‍ അനങ്ങാതെ സ്ഥലം വിട്ടു.

ഒരു ബഹളം കേട്ട് പൊന്നിപ്പശു നോക്കുമ്പോള്‍ ചിങ്കിരിമുയലും കുടുംബവും ആര്‍ത്തുവിളിച്ചുവരികയാണ്. അവസാനതുള്ളി പാലും കുടിച്ചിട്ട് ചിങ്കിരിയും കൂട്ടരും സ്ഥലം വിട്ടു. രാത്രി മുഴുവന്‍ മരത്തില്‍ നിന്ന് ഊരിപ്പോകാന്‍ പശുവമ്മ ശ്രമിച്ചെങ്കിലും നേരം വെളുത്തപ്പോഴാണ് അതിനു കഴിഞ്ഞത്. സ്വയം പഴിച്ച പശുവമ്മ ഇനിയെങ്കിലും സൂത്രക്കാര്‍ പറയുന്നതു വിശ്വസിച്ച് എടുത്തു ചാടില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു.


വെബ്ദുനിയ വായിക്കുക