കിളിയോട് -കവിത

ഈയിറയത്തുവന്നെത്തിനോക്കിപ്പോകും
നീയേതു പൈങ്കിളി താമരപ്പൂങ്കിളി
നാടേത് കാടേത് മേടേത് ചൊല്ലു നീ
കൂടായതേതൊരു ചില്ലയെന്നുള്ളതും

കൂട്ടിലിണക്കിളി കൂടെയുണ്ടോ നിന-
ക്കോടികളിക്കുവാന്‍ പാടങ്ങളുണ്ടോ?
നീ പാടുമേതേതു രാഗമിന്നോമലെ
നീ തേടുമേതേതു പാതയാണെന്നതും

ഇത്തിരി നേരമരികത്തിരിക്കു നീ
ഒത്തിരി കാരിയം ചോദിച്ചിടട്ടെ ഞാന്‍
ഇത്ര തിടുക്കത്തിലെങ്ങോട്ടു പോണു നീ
എത്ര വഴിയുണ്ട് നിന്നിടമെത്തുവാന്‍?

എല്ലാരുമോടിക്കിതക്കുന്നതും നാലു-
ദിക്കും പരതിപ്പരതിയിരുപ്പതും
എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതെന്തൈന്നൊ
എത്താക്കിനാവിന്‍െറ കൊമ്പിലെ പൂക്കുട

നീയുമതുപോലെ പായല്ലെ പൈങ്കിളി
നീയതുപോലെയാകല്ലെ തേനൊലീ
പുത്തനുഷസ്സും പുലര്‍ക്കാലവേളയും
പത്തരമാറ്റുള്ള പൊന്‍വെയില്‍ നാളവും

നേര്‍ത്ത മഞ്ഞില്‍ പൊതിഞ്ഞുള്ളൊരു സന്ധ്യയും
പേര്‍ത്തും പൊഴിയും നിലാവിന്നിലകളും
തീര്‍ത്തുമിന്നന്യമാണോമലെയിന്നിന്‍െറ
വീര്‍ത്തമുഖം പാര്‍ത്തുപാര്‍ത്തിരിക്കുന്നിവര്‍

സ്നേഹമതും മിഥ്യാമോഹമതും പഥ്യ
ഗേഹമോ യാന്ത്രിയ തന്ത്രികള്‍ മീട്ടലായ്
വന്നിവിടത്തിലിരിക്ക നീ; നിന്നെയും
കൊണ്ടു പാം ഞാനൊരു ഹേമന്തവാടിയില്‍

സ്വസ്ഥമായ് ശാന്തമായ് സൗമ്യരാഗങ്ങളാല്‍
കോര്‍ത്തൊരു പൂമാല ഞാന്‍ നിനക്കേകിടാം
സാഫല്യമാക്കാം നമുക്കീയിടവേള
സായൂജ്യമാക്കിടാം സായന്തനങ്ങളെ

വെബ്ദുനിയ വായിക്കുക