2008 ലോക മാതൃഭാഷാ വര്‍ഷം

2008 ലോക മാതൃഭാഷാ വര്‍ഷമായി യുനെസ്കോ ആചരിക്കുകയാണ്. ഫെബ്രുവരി 21 ആണ് ലോക മാതൃഭാഷാ വര്‍ഷം.

ജൈവ വൈവിദ്ധ്യം പോലെ തന്നെ സംരക്ഷിക്കേണ്ടതാണ് സാംസ്കാരിക വൈവിദ്ധ്യവും അതിന്‍റെ ഭാഗമായ ഭാഷാ വൈവിദ്ധ്യവും. സമൂഹത്തിന്‍റെ സംസ്കാരവും തനിമയും ഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ചില സമൂഹങ്ങള്‍ തനിമയോടെ നിലനില്‍ക്കണമെങ്കില്‍ അതിന്‍റെ ഭാഷയും നിലനില്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാന്‍ കാരണം.

കേരളത്തിന്‍റെ കാര്യത്തിലും ഇത് വളരെ പ്രസക്തമാണ്. തനി കേരളീയത, കേരളീയ സംസ്കാരം നിലനില്‍ക്കണം എന്നുണ്ടെങ്കില്‍ കേരളീയരുടെ ഭാഷയായ മലയാളവും ശുദ്ധമായി നിലനില്‍ക്കേണ്ടതുണ്ട്. ലോകത്തില്‍ ഒരു പക്ഷെ, ഏറ്റവും കൂടുതല്‍ അധിനിവേശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാഷകളില്‍ ഒന്നാണ് മലയാളം.

കേരളം വിടുന്ന മലയാളി മറ്റു ഭാഷകളില്‍ ആമഗ്നനാവുന്നു. അതില്‍ അഭിരമിക്കാനാണ് താത്പര്യം.അതു പിന്നീട് മലയാളത്തില്‍ ഇടകലര്‍ത്തി പ്രയോഗിച്ച് കേമത്തം കാട്ടും. അങ്ങനെ മലയാളം സങ്കരഭാഷയായി മാറും . ഇതു കുറേകാലമായി തുടരുന്നു.


സ്കൂളുകള്‍, സര്‍വ്വകലാശാലകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം മാതൃഭാഷാ വര്‍ഷാചരണത്തിന്‍റെ ലക്‍ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. അതുകൊണ്ട് മലയാള ഭാഷ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുകയായിരിക്കണം ഇവയുടെ കര്‍ത്തവ്യം.

പ്രാഥമിക വിദ്യാഭ്യാസത്തിനെങ്കിലും കേരളത്തിലെ എല്ലായിടത്തും മലയാളം നിര്‍ബ്ബന്ധമാക്കുകയും മലയാളം പഠിപ്പിക്കാന്‍ കഴിവും അറിവുമുള്ള അദ്ധ്യപകരെ നിയമിക്കുകയുമാണ് ഭാഷ സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ട കാര്യം.

മറ്റൊന്ന് ഒന്നാം ക്ലാസുമുതലുള്ള കുട്ടികള്‍ക്ക് വായിക്കാന്‍ പാകത്തിലുള്ള പാഠ്യേതര പുസ്തകങ്ങള്‍ സ്കൂളുകളില്‍ തന്നെ ലഭ്യമാക്കുകയാണ്. ഇതുകൂടാതെ വ്യാകരണം, വാക്യഘടന തുടങ്ങിയ കാര്യങ്ങളില്‍ മുറുകെപ്പിടിക്കാതെ സ്വതന്ത്രമായ ആശയ വിനിമയത്തിനുള്ള ഉപാധിയായി മലയാളം ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടാക്കുന്ന വിധമായിരിക്കണം പാഠ്യപദ്ധതി വിഭാവനം ചെയ്യേണ്ടത്.

കുട്ടികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കുന്ന വിധത്തില്‍ പ്രായോഗിക കാര്യങ്ങള്‍ക്കും പാഠ്യപദ്ധതിയില്‍ ഊന്നല്‍ നല്‍കണം. പദ്യപാരായണം, പ്രസംഗം, പ്രബന്ധമെഴുത്ത്, കത്തെഴുത്ത്, അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള അപേക്ഷ നല്‍കല്‍, വാര്‍ത്തയോ സംഭവങ്ങളോ എഴുതി വിവരിക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കുട്ടികളെ കൊണ്ട് ചെയ്യിക്കാനാവും.

മറ്റൊന്ന് സര്‍വ്വകലാശാലാ തലത്തില്‍ ബിരുദം വരെയെങ്കിലും രണ്ടാം ഭാഷയായെങ്കിലും മലയാളം നിര്‍ബ്ബന്ധമാക്കണം. ഇവയുടെ പാഠങ്ങള്‍ തെരഞ്ഞെടുക്കുന്നതും പാഠ്യപദ്ധതി തയ്യാറാക്കുന്നതും കുട്ടികളെ മലയാളം പഠിപ്പിക്കുക എന്ന ലക്‍ഷ്യത്തോടെ ആകരുത്. മലയാളത്തിന്‍റെ ഉപയോഗം നിലനിര്‍ത്തുക എന്ന സങ്കല്‍പ്പത്തോടെ ആവണം.

വെബ്ദുനിയ വായിക്കുക