300 രൂപയ്ക്ക് ഗവിയാത്ര

ബുധന്‍, 29 മെയ് 2013 (14:13 IST)
PRO
PRO
300 രൂപ ചിലവില്‍ ഗവിയിലേക്കു യാത്ര ചെയ്യാന്‍ സാധിക്കുന്ന പുതിയ പദ്ധതി വനംവകുപ്പ് 31ന് ആരംഭിക്കും. പെരിയാര്‍ വന്യജീവി സങ്കേതം ഈ‍സ്റ്റ്‌ ഡിവിഷനിലെ വള്ളക്കടവ്‌ റേഞ്ച്‌ ഓഫിസില്‍ നിന്നാണ്‌ വനംവകുപ്പിന്റെ വാഹനത്തില്‍ മൂന്നു മണിക്കൂര്‍ നീളുന്ന ഗവി യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

13 ലക്ഷം രൂപ മുടക്കി 31 പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന വാഹനമാണ്‌ ഇതിനായി വനംവകുപ്പ്‌ വാങ്ങിയിരിക്കുന്നത്‌. ഇപ്പോള്‍ ഒരു വാഹനം മാത്രമാണ്‌ വനം വകുപ്പിനുള്ളത്. അടുത്ത ഘട്ടത്തില്‍ ഒരു വാഹനം കൂടി വാങ്ങും.

വിനോദ സഞ്ചാരികള്‍ക്ക് വള്ളക്കടവില്‍ എത്താന്‍ കൊല്ലം-തേനി ദേശീയപാതയിലൂടെ വണ്ടിപ്പെരിയാറില്‍ എത്തി, അവിടെ നിന്ന്‌ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. മുന്‍കൂട്ടി ബുക്കിങ്‌ സൗകര്യം ലഭ്യമല്ലാത്തതുകൊണ്ട് ആദ്യം എത്തുന്ന സന്ദര്‍ശകര്‍ക്കെ യാത്രക്കുള്ള ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ.

ടിക്കറ്റ് നിരക്കു 275 രൂപയും പ്രവേശന ടിക്കറ്റിനു 25 രൂപയുമാണ്. ദിവസം മൂന്നു ട്രിപ്പുകളാണ്‌ വള്ളക്കടവില്‍ നിന്നു ഗവിയിലേക്ക് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 6.30നും, 10.30നും, ഉച്ചയ്ക്ക്‌ രണ്ടിനുമാണ് ഗവിയാത്രക്കുള്ള മൂന്ന് ട്രിപ്പുകള്‍.

ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ ഒന്നരക്ക് വള്ളക്കടവില്‍ നിന്നു പി ടി തോമസ്‌ എം പി ഗവി യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

വെബ്ദുനിയ വായിക്കുക