മലകളെ കാവലാക്കി ബാണാസുര സാഗര്‍

PROPRO
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്‍ അണക്കെട്ട് എന്ന നിലയില്‍ ഒരു വലിയ വിനോദസഞ്ചാര ആകര്‍ഷണമായി മാറിയിരിക്കുകയാണ് വയനാട് ജില്ലയിലെ ബാണാസുര അണക്കെട്ട്. ബാണാസുര സാഗര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്.

കക്കയം ജലവൈദ്യുതി പദ്ധതിക്ക് സഹായമാകുക എന്ന ലക്‌ഷ്യത്തൊടെ 1979ലാണ് ബാണാസുര സാഗര്‍ പദ്ധതി ആരംഭിച്ചതെങ്കിലും ഇത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറെത്തറയില്‍ സ്ഥിതി ചെയ്യുന്ന ബാണാസുര സാഗര്‍ അണക്കെട്ട് കബനീ നദിയുടെ കൈവഴിയായ കരമനത്തോടിന് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. തടയണയും കനാലും ചേര്‍ന്ന് പദ്ധതിയാണിത്.

മഞ്ഞു മൂടിയ ബാണാസുര മലയാല്‍ ചുറ്റപ്പെട്ട ഈ അണക്കെട്ട് അതിമനോഹരമായ ദൃശ്യാനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതവും പൂമരങ്ങള്‍ നിറഞ്ഞ ഉദ്യാനവും സമാനതകളില്ലാത്ത കാഴ്ചയാണ്. ബാണസുരയിലെ തെളിനീരും ഇതിന് സമീപത്തുള്ള ചരിത്രസമാരകങ്ങളും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ജൈന മതവിശ്വാസികളുടെ ശക്തികേന്ദ്രമായൊരുന്ന കല്‍പ്പറ്റയില്‍ പുലിയര്‍ മലയോട് ചേര്‍ന്നുള്ള അന്തന്തസ്വാമി ജൈനക്ഷേത്രവും ഏറെ പ്രശ്സ്തമാണ്. പൂക്കോട് തടാകം, ലക്കിടി, അമ്പുകുത്തിമല തുടങ്ങിയ ടൂറിസം ആകര്‍ഷണങ്ങള്‍ കൊണ്ട് പ്രശസ്തമായ വയാനാട്ടില്‍ പ്രകൃതി സൌന്ദര്യത്തൊടൊപ്പം ശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാലും വ്യത്യസതമായ ഒരു വിനോദസഞ്ചാര ആകര്‍ഷണമായി മാറിയിരിക്കുകയാന് ബാണാസുര സാഗര്‍.

കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാം. കോഴിക്കോടാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. കല്‍പ്പറ്റയില്‍ നിന്ന് ഏകദേശം 72 കിലോമീറ്റര്‍ അകലെയാണ് കോഴിക്കോട് റെയില്‍‌വേ സ്റ്റേഷന്‍. കരിപ്പൂര്‍ വിമാനത്താവളമാണ് ബാണാസുര സാഗറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

വെബ്ദുനിയ വായിക്കുക