ടൂറിസം രംഗത്ത് ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത പ്രദേശമാണ് മലപ്പുറം ജില്ലയെങ്കിലും വ്യത്യസ്തമായ നിരവധി വിനോദസഞ്ചാര ആകര്‍ഷണങ്ങളുള്ള സ്ഥലമാണ് ഭൂമിശാസ്ത്ര, സാംസകാരിക, ചരിത്ര തനിമകള്‍ കൊണ്ട് ശ്രദ്ധേയമായ ഈ വടക്കന്‍ ജില്ല. ഇത്തരത്തിലുള്ള ഒരു വിനോദസഞ്ചാര ആകര്‍ഷണമാണ് മലപ്പുറത്തിലെ മലയോര മേഖലയായ നിലമ്പൂരിലെ തേക്ക് മ്യൂസിയം.
ലോകത്തിലെ തന്നെ ആദ്യത്തെ തേക്ക് മ്യൂസിയമാണിത് എന്നാണ് വിശ്വാസം. കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്‍റെ ഭാഗമായി 1995-ലാണ് ഈ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചത്. ഏറെ പ്രത്യേകതകളുള്ള തേക്ക് മരങ്ങളുടെ ഭാഗങ്ങളും വിവിധ വിഭാഗത്തിലുള്ള തേക്കിന്‍ തടികളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തേക്കിന്‍റെ ശാസ്ത്രീയമായ വശങ്ങള്‍ വിശദീകരിക്കുന്ന വിവരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തേക്കുമായി ബന്ധപ്പെട്ട രസകരമായ ഫോട്ടോഗ്രാഫുകള്‍ ചിത്രങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ട്.
തെക്കിന്‍ കാടുകളിലെ ജൈവാവസഥ വിശദീകരിക്കാനുള്ള ശ്രമവും മ്യൂസിയത്തില്‍ നടത്തിയിട്ടുണ്ട്. തെക്കുകള്‍ക്ക് സമീപം കാണുന്ന് ചിത്രശലഭങ്ങള്‍, തേക്കുമായി ബന്ധപ്പെട്ട് വളരുന്ന മറ്റ് പ്രാണികള്‍ തുടങ്ങിയവയോക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പറമ്പിക്കുളം വന്യജീവീ സങ്കേതത്തില്‍ നിന്ന് കണ്ടെത്തിയതും ലോകത്തെ ഏറ്റവും പഴയ തേക്കുമരം എന്നും വിശ്വസിക്കപ്പെടുന്ന കണ്ണിമാറാ തേക്ക്, അറിയപ്പെടുന്നതില്‍ വച്ച് ഏറ്റവും വലിപ്പമുള്ളതുമായ തേക്കു മരത്തിന്‍റെ തടിയുടെ മാതൃക, 55 വര്‍ഷം പഴക്കമുള്ള ഒരു തേക്കിന്‍റെ ചുവട് തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് ശ്രദ്ധേയ പ്രദര്‍ശന വസ്തുക്കള്‍.
തേക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്ന വിശാലമായ ലൈബ്രറിയും തേക്കിനെ സംബന്ധിച്ച് ഓഡിയോ വിഷ്വല്‍ പ്രദര്‍ശനവും മ്യൂസിയത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. ഇതിന് പുറമേ പ്രകൃതിയുടെ ജൈവ വൈവിധ്യങ്ങളുടെ ഒരു നേര്‍ക്കാഴ്ച കൂടി ഇവിടെയുണ്ട്. അന്യം നിന്നു കൊണ്ടിരിക്കുന്നത് ഉളപ്പടെയുള്ള ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ ഒരു ഗിരിപഥവും മ്യൂസിയത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
നിലമ്പൂരാണ് ഇതിന് ഏറ്റവും സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍, കരിപ്പൂറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.