മലബാറിന്‍റെ കടലോരം അതിന്‍റെ പൂര്‍ണ്ണമായ സൌന്ദര്യം പ്രകടിപ്പിക്കുന്നത് ഇവിടെയാണ്, കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ധര്‍മ്മടം എന്ന കൊച്ചു ഗ്രാമത്തില്‍.
അറബിക്കടലിന്‍റെ മടിത്തട്ടിലേക്ക് ചേര്‍ന്ന് കിടക്കുന്ന ഒരു കൊച്ചു ദ്വീപാണ് ഈ പ്രദേശത്തെ വിനോദ സഞ്ചാരികളുടെ ലക്‍ഷ്യമാക്കുന്നത്. കേവലം അഞ്ച് ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപ് പ്രകൃതി സൌന്ദര്യത്തിന്‍റെ മറ്റൊരു നിദാനമാണ്. കേരളീയത എന്ന സങ്കല്‍പം അതിന്‍റെ യഥാര്‍ത്ഥ അവസ്ഥയില്‍ ദൃശ്യമാകുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ധര്‍മ്മടം. നദികളും കടല്‍ത്തീരവും അതിര്‍ത്തികളൊരുക്കുന്ന ധര്‍മ്മടം ദ്വീപ് കേരവൃക്ഷാലംകൃതമാണ്.
നിശബ്ദമായ പകലുകളും നിലാവില്‍ കുളിച്ച രാത്രികളുമാണ് ധര്‍മ്മടം ദ്വീപിന്‍റെ പ്രത്യേകത. നിലാവിന്‍റെ ശീതളഛായയില്‍ ഈ ദ്വീപില്‍ ചെലവഴിക്കാനായി ദൂരസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രം എന്ന പരിവേഷം ചാര്‍ത്തിക്കിട്ടിയ കേരളത്തിന്‍റെ പല കടലോര മേഖലകള്‍ക്കും അമിതമായ കച്ചവട വല്‍ക്കരണത്തിന്‍റെ ഫലമായി മനോഹാരിത നഷ്ടപ്പെട്ടപ്പോള്‍ അങ്ങനെയുള്ള യാതൊരു കെട്ടുപാടുകളുമില്ലാതെ ധര്‍മ്മടം ശയിക്കുകയാണ്....പ്രകൃതിയുടെ ശാലീനതയും കുലീനതയും ഇവിടെ അനശ്വരമായി നിലനില്‍ക്കുന്നു.
ധര്‍മ്മപട്ടണം എന്നാണ് ഈ സ്ഥലം ആദ്യം അറിയപ്പെട്ടിരുന്നത്. ധര്‍മ്മടം തുരുത്ത്, പച്ചത്തുരുത്ത് എന്നീ പേരുകളിലും ഈ ദ്വീപ് അറിയപ്പെട്ടിരുന്നു. ബുദ്ധസംസ്കാരത്തിന്‍റെ വിളനിലമായിരുന്നു ഇവിടം എന്നാണ് കരുതപ്പെടുന്നത്. നിരവധി ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ പ്രദേശത്ത് കാണാം. 100 വര്‍ഷത്തിലധികം പഴക്കമുള്ള പ്രശസ്തമായ ബ്രണ്ണന്‍ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
അതേസമയം, നിലവില്‍ ഈ പ്രദേശം സ്വകാര്യ ഉടമസ്ഥതയിലാണ്. അതുകൊണ്ട് തന്നെ ഇവിടേക്ക് പ്രവേശിക്കണമെങ്കില്‍ മുന്‍കൂര്‍ അനുവാദം വേണം. പ്രധാന കരയില്‍ നിന്ന് ദ്വീപിലേക്ക് കേവലം നൂറ് കിലോമീറ്റര്‍ മാത്രമാണുള്ളത്. വേലിയിറക്കസമയത്ത് ഒരാള്‍ക്ക് നടന്നുകൊണ്ട് ഈ ദ്വീപിലേക്ക് ചെല്ലാനാകും. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വീസുകളുണ്ട്.
ധര്‍മ്മടം ദ്വീപില്‍ നിന്ന് ഏതാണ്ട് 200 മീറ്റര്‍ അകലെയുള്ള കടലോര പ്രദേശമാണ് മുഴപ്പിലങ്ങാട് ബീച്ച്. കടലോര മണല്‍ പ്രദേശത്തിലൂടെ നാല് കിലോമീറ്ററോളം വണ്ടിയോടിച്ച് പോകാമെന്നതാണ് ഇവിടത്തെ പ്രത്യേകത. കറുത്ത വലിയ പാറകള്‍ സംരക്ഷണമൊരുക്കിയിട്ടുള്ള ഈ തീരപ്രദേശം എന്‍എച് 17ന് സമാന്തരമായാണ് കിടക്കുന്നത്.