ആപൂര്‍വ്വതകളുടെ പാതിരാമണല്‍

PROPRO
കേരളത്തിലെ കായലുകള്‍ ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചതോടൊപ്പം പ്രശസ്തിയിലേക്ക് ഉയര്‍ന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ആലപ്പുഴയ്ക്ക് സമീപമുള്ള പാതിരാമണല്‍ ദ്വീപ്. കോട്ടയം ആലപ്പുഴ എറാണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വേമ്പനാട് കായലിലെ ഒരു ചെറുദ്വീപാണ് പാതിരാമണല്‍.

തണ്ണീര്‍മുക്കത്തിനും കുമരകത്തിനും ഇടയിലായാണ് പാതിരാമണല്‍ ദ്വീപ്.പ്രകൃതിസൌന്ദര്യം കൊണ്ട് സമ്പന്നമായ പ്രദേശം എന്ന പോലെ അപൂര്‍വ ഇനം പക്ഷികളുടെ ആവാസകേന്ദ്രം എന്ന നിലയില്‍ കൂടിയാണ് പാതിരാമണല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. നൂറു കണക്കിന് ഇനങ്ങളിലെ പക്ഷികള്‍ വസിക്കുന്ന പക്ഷിസങ്കേതമാണ് പാതിരാമണല്‍. പ്രധാന കായല്‍ ടൂറിസം പാക്കേജുകളിലെല്ലാം ഒഴിച്ചുകൂടാനാകാത്ത സാനിധ്യമാണ് അപൂര്‍വ്വ കാഴചകള്‍ സമ്മാനിക്കുന്ന പാതിരാമണലിലേക്കുള്ള സന്ദര്‍ശനം.

കായല്‍ യാത്ര നടത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കേരളത്തിന്‍റെ ജൈവസമ്പത്ത് തിരിച്ചറിയാനും അവസരം നല്‍കുന്ന ഇടത്താവളമാണ് പാതിരാമണല്‍. എല്ലാ അര്‍ത്ഥത്തിലും ദ്വീപായ പാതിരാമാണലിലേക്ക് റോഡുകളോ പാലങ്ങളോ ഇല്ല. ബോട്ടുകളിലൂടെ മാത്രമെ ഇവിടെ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു.

പാതിരാമണല്‍ ദ്വീപിന്‍റെ ഉത്ഭവത്തെ കുറിച്ച് ഏറെ പ്രശസ്തമായ ഒരു ഐതീഹ്യവും നിലവിലുണ്ട്. ഒരു യുവ ബ്രാഹ്മണന്‍ സന്ധ്യക്ക് കുളിക്കാനായി കായലില്‍ ഇറങ്ങിയെന്നും ഇതേ തുടര്‍ന്ന് ഭൂമിക്ക് ഉയര്‍ന്നു വരാനായി ജലം വഴിമാറിയെന്നുമാണ് ഐതീഹ്യം.

ആലപ്പുഴയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബോട്ട് യാത്ര ചെയ്ത് പാതിരാമണലില്‍ എത്തിച്ചേരാം. ആലപ്പുഴയാണ് പാതിരാമണലിന് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍. എണ്‍‌പ്പത്തിയഞ്ച് കീലോമീറ്റര്‍ മാറി സ്ഥിതി ചെയുന്ന കൊച്ചി അന്തര്‍ദേശീയ വിമാനത്താവളമാണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം.


വെബ്ദുനിയ വായിക്കുക