സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

വ്യാഴം, 8 ജൂണ്‍ 2017 (07:39 IST)
തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. 
തലസ്ഥാനത്തെ ബി.ജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബൈക്കിലെത്തിയ സംഘം കഴിഞ്ഞ ദിവസം പെട്രോൾ ബോബെറിഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയിൽ ബി.ജെ.പി ഹർത്താൽ ആഹ്വാനം ചെയ്തത്. 
 
രാവിലെ ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇതുവരെ അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സർവീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.
 
ബി.ജെ.പി, ബി.എം.എസ് ഓഫീസുകൾക്ക് നേരെ ചേർത്തല നഗരസഭയിലും ആക്രമണം ഉണ്ടായിട്ടുണ്ട്. അവിടെയും ബി.ജെ.പി ഹർത്താൽ ആചരിക്കുകയാണ്. കോഴിക്കോട് ഒളവണ്ണയില്‍ പാര്‍ട്ടി ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തില്‍ സിപിഐഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടിണ്ട്. 
 
അതേസമയം, കുമളിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ നടത്തും. വ്യാപാരിയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവിടെ ഹര്‍ത്താല്‍. രാവിലെ മുതല്‍ ഉച്ചവരെയാണ് കുമളിയില്‍ ഹര്‍ത്താല്‍. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക