മുഖ്യമന്ത്രി റാന്തലുമായി നടക്കുന്ന തവളപിടിത്തക്കാരനെപ്പോലെ: പന്ന്യന്‍ രവീന്ദ്രന്‍

തിങ്കള്‍, 24 മാര്‍ച്ച് 2014 (09:10 IST)
PRO
റാന്തലുമായി തവളയെ പിടിക്കാന്‍ പോകുന്ന പോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുതിരക്കച്ചവടം നടത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്ന് പറഞ്ഞ് കച്ചവടം നടത്തുകയാണ് മുഖ്യന്ത്രിയെന്നും ഇത്തരം പ്രലോഭനങ്ങളില്‍ ആര്‍എസ്പി വീണുപോയെന്നും പന്ന്യന്‍ പറഞ്ഞു.

സെല്‍വരാജിനെയും ഇതുപോലെ കെണിയില്‍ വീഴ്‌ത്തുകയായിരുന്നുവെന്നും നിലനില്പ് അപകടത്തിലാണെന്ന തിരിച്ചറിവാണ് ചാക്കിട്ടുപിടിത്തത്തിനു പിന്നിലെന്ന് എറണാകുളം പ്രസ്‌ ക്‌ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പന്ന്യന്‍ കുറ്റപ്പെടുത്തി. വിഎസിനെതിരെ തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന അതിരുകടന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന്റെ നാവായിരുന്ന പ്രേമചന്ദ്രന്‍ കളര്‍ഷര്‍ട്ട് ഊരി വെള്ള ധരിച്ചാല്‍ രാഷ്‌ട്രീയം മാറുമോയെന്ന് അറിയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ചാഞ്ചാട്ടമുള്ള കസേരയില്‍ ഇരിക്കുന്നതുകൊണ്ടാണ് തിരുവനന്തപുരത്ത് സിപിഐയുടേത് പേമെന്റ് സ്ഥാനാര്‍ത്ഥിയാണെന്ന് വി എം സുധീരന്‍ പറഞ്ഞതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക