പ്രൊഫസര്‍ ടി ജെ ജോസഫിനെ തിരിച്ചെടുക്കും

ഞായര്‍, 23 മാര്‍ച്ച് 2014 (10:47 IST)
PRO
PRO
പ്രൊഫസര്‍ ടി ജെ ജോസഫിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചു. മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം. കോതമംഗലം രൂപതയാണ് ജോസഫിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.

തന്നെ തിരിച്ചെടുക്കാനുള്ള തീരുമാനം ആശ്വാസകരമെന്ന് പ്രൊഫസര്‍ ടി ജെ ജോസഫ് പ്രതികരിച്ചു. എന്നാല്‍ ഈ സമയത്ത് ഭാര്യ ഒപ്പമില്ലാത്തത് കുടുംബത്തെയാകെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അധ്യാപകന്‍റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജോസഫിനെ തിരിച്ചെടുക്കാന്‍ സഭ കാണിക്കുന്ന വിമുഖത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് ടിജെ ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനമെടുത്തത്.

സസ്‌പെന്‍ഷനിലായി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രൊഫസര്‍ ജോസഫിന് തിരികെ കോളേജിലെത്താന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മതനിന്ദാ കേസില്‍ ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന്‍ ജോസഫ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക