ദിലീപും കള്ളനും പിന്നെ പൊലീസിന്റെ കൂമ്പിനിടിയും! - സംവിധായകന്‍ പറയുന്നു

ശനി, 19 ഓഗസ്റ്റ് 2017 (14:37 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ചവരില്‍ ഒരാളാണ് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിയിരുന്നു. ഇത് മൂന്നാംതവണയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സജീവന്‍ അന്തിക്കാട്.
 
സജീവൻ അന്തിക്കാടിന്റെ പോസ്റ്റ് വായിക്കാം: 
 
‘ദിലീപ് കേസ് മൂന്നാം ഭാഗം
 
സ്വര്‍ണ്ണമാല കട്ട കള്ളനെ പൊലീസു പിടിച്ചാല്‍ തൃശൂര്‍ പുത്തന്‍പള്ളിയില്‍ വരുമാനം കൂടുന്നതെങ്ങിനെ? 
 
കൂമ്പിനിടിച്ചു സത്യം പറയിക്കുക എന്നല്ല കൂമ്പിനിടി കിട്ടാതെ സത്യം പറയില്ല എന്നതാണ് കള്ളന്‍മാരുടെ ഒരു രീതി. കളവ് കേസ്സില്‍ പിടിക്കപ്പെട്ടാല്‍ ബിജെപിക്കാരന്‍ വരെ സഹായത്തിനെത്തില്ലെന്ന് കള്ളനുറപ്പുണ്ട്. എന്നാലും ഇടികിട്ടാതെ കള്ളന്‍ സത്യം പറയില്ല. ശീലം കൊണ്ടാണേ.
 
പൊലീസുകാരുടെ കൈത്തരിപ്പിന് ശമനമായി എന്നു കണ്ടാല്‍ പിന്നെ കള്ളന്‍ സത്യം പറയുകയായി. കട്ടതെപ്പോള്‍ ,എവിടുന്ന് എന്നൊക്കെ കൃത്യം കൃത്യമായി പറയും. അടുത്ത സ്റ്റെപ്പാണ് പ്രധാനം. കട്ട മുതല്‍ എവിടെ ? അതായത് തൊണ്ടി. കട്ട മുതല്‍ എവിടാണന്നു ചോദിക്കുമ്പോള്‍ കള്ളൻ പറയും തൃശൂര്‍ ഹൈറോഡിലെ ഒരു സ്വര്‍ണ്ണക്കടയില്‍ വിറ്റുവെന്ന്. 
 
കടയുടെ പേരൊന്നും കള്ളനറിയില്ല . അത്രക്കധികം സ്വര്‍ണ്ണക്കടകള്‍ അവിടുണ്ടല്ലോ. പിന്നെ കള്ളനെയും കൊണ്ട് ഹൈറോഡിലേക്ക് യാത്ര. കള്ളന്‍ സെലിബ്രിറ്റിയല്ലാത്തതിനാല്‍ ഒബിവാനും മീഡിയയും ഉണ്ടാകില്ല. ഈ നിമിഷം മുതലാണ് തൃശൂര്‍ പുത്തന്‍ പള്ളിയിലേക്ക് വരുമാനം ശറപറ പ്രവഹിക്കുന്നത്. 
 
പൊലീസിന് കള്ളന്‍ പറയുന്നത് ഫയങ്കര വിശ്വാസമാണ്. കള്ളന്‍ ചൂണ്ടിക്കാണിച്ച കടയുടമസ്ഥന്‍ ശരിക്കും പെട്ടു. കളവ് പോയ മാല കടയില്‍ കണ്ടെത്താനായില്ലെങ്കിലും കുഴപ്പമില്ല. കടയുടമസ്ഥന്‍ ആ മാലയുരുക്കി സ്വര്‍ണ്ണമാക്കി എന്ന് പൊലീസ് പറയും. അത്രക്ക് വിശ്വാസമാണ് കള്ളനെ പോലീസിന്. 
 
അതുകൊണ്ടാണ് പോലീസ് ജീപ്പ് വരുന്നതു കണ്ടാല്‍ ചെറുകിട സ്വര്‍ണ്ണ വ്യാപാരികള്‍ 'പുത്തന്‍പള്ളി മാതാവിന്' വഴിപാടു നേരുന്നത്. 
 
"മാതാവേ, എന്റെ കട ചൂണ്ടി കാണിപ്പിക്കല്ലേ. സ്വര്‍ണ്ണം കൊണ്ടൊരു തിരുരൂപം തന്നോളാമേ " എന്ന് ജാതിമത ഭേദമന്യേ മനമുരുകി പ്രാര്‍ത്ഥിക്കും. എല്ലാ മതക്കാരും പുത്തന്‍പള്ളി ഉന്നംവെക്കുന്നതെന്തെന്നാല്‍ പുത്തന്‍ പള്ളിയാണ് തൊട്ടടുത്ത്. പ്രാര്‍ത്ഥനാ തരംഗങ്ങള്‍ സെക്കന്റില്‍ മൂന്നു ലക്ഷം കിലോ മീറ്ററിലാണല്ലോ സഞ്ചരിക്കുന്നത്. ഏറ്റവും അടുത്തുള്ള ദൈവം എറ്റവുമാദ്യം കേള്‍ക്കും. സിമ്പിള്‍ ലോജിക്ക്. 
 
അപ്രകാരം കള്ളന്‍ ചൂണ്ടിക്കാണിക്കുന്ന കടക്കാരന് സ്വര്‍ണ്ണം നഷ്ടം. കള്ളന്‍ ചൂണ്ടിക്കാണിക്കാത്ത കടക്കാരുടെ വഴിപാട് മുഴുവന്‍ പള്ളിക്കും. ഈ പ്രാകൃത രീതിക്കൊരു അവസാനമുണ്ടായത് സ്വര്‍ണ്ണക്കടക്കാരെല്ലാരു ചേര്‍ന്നൊരു യൂണിയനുണ്ടാക്കിയപ്പോഴാണ്. പരിചയമില്ലാത്ത ആള്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണം വാങ്ങേണ്ടന്ന് അവര്‍ കൂട്ടമായി തീരുമാനമെടുത്തു രക്ഷപ്പെട്ടു. 
 
സ്വര്‍ണ്ണക്കടക്കാര്‍ മാറി. കള്ളന്‍മാരും മാറി . പക്ഷെ പൊലീസ് മാത്രം മാറിയില്ല. പ്രതി പറയുന്നതും വിശ്വസിച്ച് ആ വിശ്വാസത്തിനു തെളിവുണ്ടാക്കാന്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. തെളിവുണ്ടാക്കാന്‍ സമയം പോരാ എന്ന് കോടതിയില്‍ പറഞ്ഞ് സമയം നീട്ടി വാങ്ങുന്നു. ഇതിന്റെയൊക്കെ പേരില്‍ ജയിലിലടക്കപ്പെട്ട ആള്‍ "എങ്ങാനും നിരപരാധിയാണെങ്കില്‍ " സമാധാനം ആര് പറയും. സര്‍ക്കാരോ? അവരെ തെരഞ്ഞെടുത്ത ജനങ്ങളോ?

വെബ്ദുനിയ വായിക്കുക