ജനരക്ഷാ യാത്രയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്തെത്തിയ അമിത് ഷാ ഹിന്ദിയിലാണ് പ്രസംഗിച്ചത്, അതിന് മലയാളത്തില്‍ തര്‍ജമയുമുണ്ടായിരുന്നു. എന്നാല്‍ ആ പ്രസംഗം കേള്‍ക്കാന്‍ തമിഴ്നാട്ടുകാരും കർണാടകക്കാരുമാണ് ഉണ്ടായിരുന്നതെന്നും ആർക്കും ഒന്നും മനസിലാകാത്തതു കാരണം ജാഥ കട്ടപ്പൊകയായെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ പ്രവര്‍ത്തകരെ ആക്രമിക്കുന്ന സിപിഎമ്മുകാരുടെ കണ്ണു ചൂഴ്ന്നെടുക്കുമെന്നുള്ള പ്രസ്താവനയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ ഒന്നരക്കോടിയോളം സിപിഎമ്മുകാരുണ്ട്. ഇവർക്കു മൂന്നു കോടിയിലേറെ കണ്ണുകളുമുണ്ട്. ചൂഴ്ന്നെടുക്കുന്ന മൂന്നു കോടി കണ്ണുകൾ സൂക്ഷിക്കാനൊന്നുമുള്ള സംവിധാനം നമ്മുടെ രാജ്യത്തില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. ഞാൻ പണ്ടേ നേത്രദാന സമ്മതപത്രം നൽകിയതാണ്. എന്റെ കണ്ണു നിങ്ങൾ ചൂഴ്ന്നെടുത്തോളൂ. ദയവായി നാഗപൂരിലേക്കു കൊണ്ടു പോകരുതെന്നും കോടിയേരി വ്യക്തമാക്കി.