ബിജെപി–ആർഎസ്എസ് നേതൃത്വങ്ങളുടെ പുതിയ തീരുമാനങ്ങള്‍ക്കെതിരെ ബിജെപിയിലെ വി.മുരളീധരൻപക്ഷത്തിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. മുരളീധരൻ വിഭാഗത്തിന്റെ മുൻനിര നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ യുവമോർച്ചയുടെ സുപ്രധാന ചുമതലയിൽ നിന്നും സംസ്ഥാന സെക്രട്ടറിയായിരുന്ന വി.വി. രാജേഷിനെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ഒഴിവാക്കിയതാണ് അതൃപ്തിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ആലപ്പുഴയിൽ നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രനു പകരം എം.ടി. രമേശിനാണു യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല. ബിജെപിയുടെ കേന്ദ്രനേതൃത്വവും ആർഎസ്എസും മാത്രമാണ് ഇക്കാര്യം മുൻകൂട്ടി അറിഞ്ഞതെന്നും മുരളീധരൻപക്ഷം ആരോപിക്കുന്നു.
മെഡിക്കൽ കോളേജ് കോഴവിവാദവുമായി ബന്ധപ്പെട്ട് മുരളീധരൻപക്ഷം പ്രതിക്കൂട്ടിൽ നിർത്താൻ തുനിഞ്ഞ എം ടി രമേശിന് പാർട്ടിയിൽ സ്ഥാനക്കയറ്റം നല്കിയതും അതൃപ്തിക്ക് കാരണമായി. തിരുവനന്തപുരം ലോക്സഭാ മണ്ഡലം, പാർട്ടി ആസ്ഥാനം, മധ്യകേരളം എന്നിവയുടെയെല്ലാം ചുമതലയ്ക്കു പിന്നാലെയാണു രമേശ് യുവമോർച്ചയുടെ പദവി കൂടി ലഭിച്ചത്. ഇതോടെ കുമ്മനം കഴിഞ്ഞാൽ സംഘടനാതലത്തിൽ രണ്ടാമനായി അനൗദ്യോഗികമായെങ്കിലും രമേശ് മാറിയെന്നതും മുരളീധരന്‍പക്ഷത്തിന് ക്ഷീണമാണ്.