കാടിറങ്ങിയ കരടി ജനവാസ കേന്ദ്രത്തില്‍; നാട്ടുകാരെ വട്ടം കറക്കിയത് 7 മണിക്കൂര്‍

ശനി, 11 നവം‌ബര്‍ 2017 (09:27 IST)
നൂല്‍പുഴ ചെട്യാലത്തൂരില്‍ കാടിറങ്ങി കരടി ജനവാസകേന്ദ്രത്തില്‍. കരടിയെ നാട്ടുകാര്‍ ഏഴ് മണിക്കൂറിലേറെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ സ്ത്രീകള്‍ അടക്കമുള്ള  തൊഴിലാളികളുടെ ഇടയിലേക്കാണ് കരടി വന്നത്. 
 
തുടര്‍ന്ന് കരടിയെ കണ്ട് ഭയന്നോടിയ തൊഴിലാളികള്‍ക്ക് വീണ് പരിക്ക് പറ്റുകയും ചെയ്തു. ഇതിന് പുറമേ മറ്റ് രണ്ട് കരടി കൂടി പിറകെ വന്നു. എന്നാല്‍ അവ പെട്ടെന്ന് തന്നെ കാട്ടിലേക്ക് തിരിച്ച് പോയി. ആദ്യമെത്തിയ കരടി മൂന്ന് പേരുടെ പിന്നാലെ ഓടുകയായിരുന്നു. തുടര്‍ന്ന് സമീപവാസിയായ റിട്ട. അദ്ധ്യാപകന്‍ അപ്പുവിന്റെ വീട്ടിലേക്ക് മുന്ന് പേരും ഓടികയറി. 
 
കരടിയുടെ ശ്രദ്ധതിരിഞ്ഞ സമയത്ത് മൂന്ന് പേരും പുരയിടത്തിന് പുറത്തിറങ്ങുകയും ഗേറ്റ് പൂട്ടുകയും ചെയ്തു. ചുറ്റുമതിലും ഗേറ്റുമുള്ള വീട്ടില്‍ ഏഴ് മണിക്കൂറോളം കരടി നിന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരടിയെ മയക്ക് വെടിവെച്ച് പിടികൂടുകയായിരുന്നു. വയനാട് വന്യജീവി സങ്കേതം ഡിവിഷനന്‍ ഓഫീസിലെത്തിച്ച കരടിക്ക് ചികിത്സ നല്‍കിയ ശേഷം മുത്തങ്ങ വനമേഖലയില്‍ തുറന്നുവിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍