പ്രിന്‍സിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല, അച്ഛന്‍ പറഞ്ഞാല്‍ മാത്രം മാറി നില്‍ക്കാം; നിലപാട് കടുപ്പിച്ച് ലക്ഷ്‌മി നായര്‍
വെള്ളി, 27 ജനുവരി 2017 (20:06 IST)
ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്നു വ്യക്തമാക്കി ലക്ഷ്‌മി നായര്‍. അക്കാദമി ഡയറക്ടറായ അച്ഛന്‍ പറഞ്ഞാല്‍ മാത്രം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറി നില്‍ക്കാം. ഒഴിയണം എന്നു പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും അവര്‍ പറഞ്ഞു.
പ്രിന്‍സിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല. നടപടി വന്നാല്‍ നിയമ പോരാട്ടം നടത്തും. ആരേയും ഭയം ഇല്ല. ഉറച്ച മനസുള്ള സ്ത്രീയാണു ഞാന്‍. എന്താണു ചെയ്യേണ്ടതെന്നു നല്ല ബോധ്യമുണ്ട്. നന്മയില്‍ വിശ്വവസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ നടക്കുന്ന സമരം 250 കുട്ടികളുടേതു മാത്രമാണെന്നും ലക്ഷ്‌മി നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ല. സിപിഎം സമരം ഏറ്റെടുക്കാത്തതിനെ കുറിച്ച് നേതൃത്വത്തോട് ചോദിക്കണമെന്നും വിഎസ് തുറന്നടിച്ചു.
നിയമവിരുദ്ധമായി ലോ അക്കാദമി കൈവശംവച്ചിരിക്കുന്ന ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നും വിഎസ് ആവര്‍ത്തിച്ചു. അതേസമയം, സിപിഎം സമരം ഏറ്റെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അത് പാർട്ടി നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.