വിഎസിനെതിരായ നിലപാട് പാര്‍ട്ടി നേതൃത്വം മയപ്പെടുത്തി. വി എസിനെതിരെയുള്ള പ്രമേയം നടപടി അല്ലെന്ന വാദവുമായി പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. പത്രം വിഎസിന്റെ കത്തു പ്രസിദ്ധീകരിച്ചതു കൊണ്ടാണ് വിഎസ് അച്യുതാനന്ദനെതിരായ പാര്‍ട്ടി പ്രമേയം പരസ്യപ്പെടുത്തിയതെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിഎസിന്റെ കത്ത് പത്രം പ്രസിദ്ധീകരിച്ചത് കൊണ്ടാണ് പ്രമേയം പരസ്യപ്പെടുത്തിയത്. അണികളെയും പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താനാണ് പ്രമേയം പരസ്യപ്പെടുത്തിയത്. പ്രമേയം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് സമ്മേളനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് പ്രമേയം പരസ്യപ്പെടുത്തിയ പാര്‍ട്ടി നടപടിയെ ന്യായീകരിച്ച് കോടിയേരി രംഗത്തെത്തിയത്. നിലപാട് അണികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അറിയിക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്നും അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പ്രമേയം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചതെന്നും കോടിയേരി വ്യക്തമാക്കി. പ്രമേയം വിശദീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയറ്റിന് അവകാശമുണ്ട്. കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ അരാജകത്വം ഉണ്ടാകുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ വി എസിനെതിരേയുള്ള പ്രമേയം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനെ നടപടിയായി കണക്കാക്കേണ്ടതില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കത്ത് പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയെന്ന് വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു പിബി തന്നെ ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ വിഎസിനെതിരേ ആഞ്ഞടിച്ച വാര്‍ത്താ സമ്മേളനം നടത്തിയ സ്‌ഥലത്ത് തന്നെ കോടിയേരിയും ഇന്ന് മാധ്യമങ്ങളെ കണ്ടത് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ പാര്‍ട്ടി പ്രമേയം പുറത്തുവിട്ട സിപിഎമ്മിന്റെ നടപടിക്കെതിരെ എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങള്‍ ഇത്തരത്തില്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരനാണ് വ്യക്തമാക്കിയത്. ഇപ്പോഴത്തെ വിവാദങ്ങള്‍ വി എസിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേദന ഉണ്ടാക്കുന്നതാണെന്ന് സി ദിവാകരന്‍ വ്യക്‌തമാക്കി. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി സമ്മേളനങ്ങളെന്നും ദിവാകരന്‍ പറഞ്ഞിരുന്നു.