വി എസ് പരാതി നല്കുന്നതില്‍ ഭയമില്ലെന്ന് വെള്ളാപ്പള്ളി

വെള്ളി, 4 ഡിസം‌ബര്‍ 2015 (11:43 IST)
മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പരാതി നല്കുന്നതില്‍ ഭയമില്ലെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു വെള്ളാപ്പള്ളിയുടെ ഈ പ്രതികരണം.
 
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വി എസ് തെളിയിക്കട്ടെ. കാണുന്ന പച്ചയെല്ലാം കടിക്കുന്ന പശുവിനെപ്പോലെയാണ് വി എസ്. ഒരു പച്ച കടിച്ചാല്‍ അടുത്തതിലേയ്ക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
സമത്വമുന്നേറ്റ യാത്രയ്ക്ക് ഇടതു, വലതു മുന്നണികള്‍ ഏര്‍പ്പെടുത്തിയ വിലക്ക് യാത്രയുടെ ശോഭ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ ഇനി അറസ്റ്റ് ചെയ്യുക കൂടിയാണെങ്കില്‍ ഈ ശോഭ ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്നലെ വരെ താന്‍ വര്‍ഗീയവാദിയാണെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും സമത്വ മുന്നേറ്റ യാത്ര തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും താന്‍ വര്‍ഗീയവാദിയായെന്നും എന്നാല്‍, സമത്വ മുന്നേറ്റയാത്രയെ വരവേല്‍ക്കാന്‍ പല സ്ഥലങ്ങളിലും കൃസ്ത്യാനികളും മസ്ലിങ്ങളുമുണ്ടായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക