വിഎസിനെതിരെ കേസുമായി പോയ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി; കോടതികളെ രാഷ്‌ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് ജില്ലാ കോടതി

വെള്ളി, 29 ഏപ്രില്‍ 2016 (13:33 IST)
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ കോടതിയെ സമീപിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി. കോടതികളെ  രാഷ്‌ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം അവധിക്കാല ജില്ലാ കോടതി നിര്‍ദ്ദേശിച്ചു.
 
വി എസിനെതിരെ ഉമ്മൻചാണ്ടി സമർപ്പിച്ച മാനനഷ്‌ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. ഉമ്മൻ ചാണ്ടിക്കെതിരായ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് തടയണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ ഈ പരാമർശം.
 
ഉമ്മൻ ചാണ്ടിക്കെതിരെ ലോകായുക്തയിലുള്ള 12 കേസുകളുടെ പട്ടിക വി എസിന്‍റെ അഭിഭാഷകൻ ഹാജരാക്കി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരം അനുസരിച്ചാണ് വി എസ് പ്രസ്താവന നടത്തിയിട്ടുള്ളതെന്നും ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായും വി എസിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു.
 
ഇതിനെ തുടര്‍ന്ന് മാനനഷ്‌ടക്കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി വി എസിന് അനുമതി നൽകി. മുഖ്യമന്ത്രി 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ 136 കേസുകളുണ്ടെന്നുമുള്ള വി എസിന്‍റെ ആരോപണത്തിനെതിരെ ആയിരുന്നു മുഖ്യമന്ത്രി കേസ് ഫയൽ ചെയ്തത്.

വെബ്ദുനിയ വായിക്കുക