എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കുന്നത് വിഎസിനെ ആയിരിക്കും; സുധീരന്‍
വ്യാഴം, 21 ഏപ്രില്‍ 2016 (11:50 IST)
മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെപ്പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത തലത്തിലേക്ക് സിപിഎമ്മിലെ വിഭാഗീയത മാറിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാക്കുമെന്ന പ്രചരണവാചകത്തിന്റെ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലായത്. എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കുന്നത് വിഎസിനെ ആയിരിക്കുമെന്നും സുധീരന്‍ പറഞ്ഞു.
അസഹിഷ്ണുതയുടെ പര്യായമാറി സിപിഎം മാറി. ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. പ്രധാനമത്രി നരേന്ദ്ര മോദി ഭരണകൂടത്തില്‍ ശക്‌തമായിരിക്കുന്ന അസഹിഷ്‌ണുതയെ ചെറുക്കുന്നു എന്ന് അവകാശപ്പെടുന്ന സീതാറാം യെച്ചൂരി കേരളത്തിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വളരുന്ന അസഹിഷ്‌ണുത തിരുത്താന്‍ തയ്യാറാകുമോ എന്നും സുധീരന്‍ ചോദിച്ചു.
വിഎസിനെതിരായ പ്രസ്‌താവനയില്‍ മാധ്യമങ്ങളെ പഴിചാരി പിണറായിക്ക് തടിയൂരാന്‍ കഴിയില്ല. കേരളത്തിലെ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നിലനില്‍ക്കുന്ന കുടിശ്ശിക എത്രയും വേഗത്തില്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ഥിച്ചു. മന്ത്രിസഭ അടിയന്തിരമായി നടപടി സ്വീകരിച്ചു വരികയാണ്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും എത്രയും വേഗത്തില ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും സുധീരന്‍ വ്യക്‌തമാക്കി.