രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം; വിഎസിന് എന്ത് പദവി നല്കണമെന്ന കാര്യത്തില്‍ തീരുമാനമാകാതെ പോളിറ്റ് ബ്യൂറോ

തിങ്കള്‍, 30 മെയ് 2016 (13:28 IST)
മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് എന്ത് പദവി നല്കണമെന്ന കാര്യത്തില്‍ തീരുമാനമാകാതെ സി പി എം പോളിറ്റ് ബ്യൂറോ. ഇന്നു ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ വി എസിന് ഉചിതമായ പദവി നല്കണമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, പദവി ഏത് എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
 
അതേസമയം, രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
 
വി എസിനെ മറികടന്ന് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ വി എസിന് ഉചിതമായ പദവി നല്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യം പോളിറ്റ് ബ്യൂറോയില്‍ തീരുമാനിക്കുമെന്ന് അറിയിക്കുകയായിരുന്നു. പി ബി തീരുമാനമെടുത്താലും സംസ്ഥാന സര്‍ക്കാര്‍ ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കാബിനറ്റ് റാങ്കോടു കൂടിയ ഉന്നതപദവി വി എസിന് നല്കാനാണ് ആലോചിക്കുന്നത്.
 
അതേസമയം, ഇടതുമുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന ദിവസം പദവി സംബന്ധിച്ച് വി എസ് യെച്ചൂരിക്ക് നല്കിയ കുറിപ്പ് വിവാദമായിരുന്നു. കാബിനറ്റ് റാങ്കോടു കൂടി സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ ഡി എഫ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍  നല്കണമെന്നായിരുന്നു കുറിപ്പില്‍ വി എസ് യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നത്.

വെബ്ദുനിയ വായിക്കുക