വി എസിന്റെ പദവിയില്‍ ഇന്നും തീരുമാനമായില്ല: ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആയാല്‍ എം എല്‍ എ പദവി വഹിക്കാന്‍ കഴിയുമോ എന്ന് ആശങ്ക; തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍

ബുധന്‍, 29 ജൂണ്‍ 2016 (19:15 IST)
മുതിര്‍ന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദന് ഏതു പദവി നല്കും എന്നത് സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല. ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ പദവി വി എസിന് നല്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
എന്നാല്‍, ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ ആയി നിയമിക്കുന്ന സാഹചര്യത്തില്‍ വി എസ് എം എല്‍ എ പദവി വഹിക്കുന്നത് നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്ന് പരിഗണിച്ചായിരിക്കും നിയമനം നടക്കുക.
ഭരണ പരിഷ്കരണ കമ്മീഷൻ പദവി നൽകുന്നതിനുള്ള സാധ്യത സംബന്ധിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറിയെ നിയോഗിച്ചു. 
 
അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനായി വി എസിനെ നിയമിക്കാന്‍ സി പി എമ്മിലും എല്‍ ഡി എഫിലും ധാരണയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി.
 
അതേസമയം സി പി എം സംസ്ഥാനഘടകത്തില്‍ ഉചിതമായ പദവി വേണമെന്ന വി എസിന്റെ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയതായാണ് സൂചന.

വെബ്ദുനിയ വായിക്കുക