ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മലിനമാക്കിയ ഈജിയൻ തൊഴുത്ത് എൽഡിഎഫ് വൃത്തിയാക്കി തുടങ്ങി: ഇടതു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ശരിയായ ദിശയില്‍ - വിഎസ്
ഞായര്‍, 12 ജൂണ്‍ 2016 (15:11 IST)
ഇടതു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്ന് മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരുപോലെ അഴിമതി നടത്തി കേരളത്തെ നശിപ്പിച്ചു. അഴിമതി ജീവിതചര്യ പോലെയാണ് മന്ത്രിമാർ കണ്ടിരുന്നത്. മന്ത്രിമാർ അഴിമതി നടത്തിയപ്പോൾ ഉദ്യഗസ്ഥരുടെ കാര്യം പിന്നെ പറയാനുണ്ടോയെന്നും വിഎസ് ചോദിച്ചു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സര്‍ക്കാരിന്‍റെ ഇടപെടല്‍ മികച്ച തുടക്കമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഈജിയന്‍ തൊഴുത്താക്കി മാറ്റി. ഇത് വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇടതു സര്‍ക്കാരെന്നും തിരുവനന്തപുരത്ത് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സുവർണ ജുബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യവെ വിഎസ് വ്യക്തമാക്കി.
അതേസമയം, വിഎസ് അച്യുതാനന്ദന്റെ പദവിയുടെ കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും. ഇതു സംബന്ധിച്ച് ആര്‍ക്കും ഒരു ഉറപ്പും നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ വിഎസിന് അർഹമായ പരിഗണന നൽകണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിരുന്നുവെന്നും കോടിയേരി പറഞ്ഞു.
വിഎസ് കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. എല്ലാവരും ആദരിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. പ്രത്യേക സ്ഥാനം സംബന്ധിച്ച് പലരും പലതും പ്രചരിപ്പിച്ചിട്ടുണ്ടാവാം. എന്നാൽ, പാർട്ടി നേരത്തെ പറഞ്ഞത് സ്ഥാനം പിന്നീട് തീരുമാനിക്കും എന്നാണ്. അത് തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും കോടിയേരി വ്യക്തമാക്കി.
അഞ്ജു ബോബി ജോർജിന് അർഹമായ പരിഗണന നൽകും. യുഡിഎഫ് കാലത്ത് അഴിമതി നടന്നുവെന്ന് അഞ്ജു പോലും സമ്മതിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് സർക്കാർ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.