പത്രലേഖകരുടെ കെണിയില്‍ അകപ്പെട്ടു പോയ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ അവസ്ഥയാണ് തനിക്കെന്ന് വി എസ്; മാധ്യമപ്രവര്‍ത്തകരോട് താന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കി വിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ശനി, 23 ഏപ്രില്‍ 2016 (18:22 IST)
പത്രലേഖകരുടെ കെണിയില്‍ അകപ്പെട്ടുപോയ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്‍റെ സ്ഥിതിയിലാണ് താനെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് വി എസ് ഇക്കാര്യം പറയുന്നത്. കേരളത്തിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നു എന്ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ പത്രം വാര്‍ത്ത നല്കിയ സാഹചര്യത്തിലാണ് വി എസ് വിശദീകരണവുമായി എത്തിയത്.
 
കേരളത്തിലെ ജനങ്ങള്‍ താങ്കള്‍ മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന്‍ ഒരു പത്രലേഖകന്‍ ചോദിച്ചപ്പോള്‍, ‘അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം പക്ഷേ പാര്‍ട്ടിയാണ് അത് തീരുമാനിക്കുന്നത്’ എന്നു മടുപടി നല്കിയെന്നും എന്നാല്‍, അച്ചടിച്ചു വന്നത് കേരളത്തിലെ ജനങ്ങള്‍ ഞാന്‍ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു എന്ന്‍ ഞാന്‍ പറഞ്ഞു എന്നാണെന്നും വി എസ് വ്യക്തമാക്കുന്നു. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരം ആണെന്ന് പത്രലേഖകരോട് പറഞ്ഞത് പിന്‍വലിക്കുന്നതായും വി എസ് പോസ്റ്റില്‍ പറയുന്നു. ‘ഒരു സ്വയം വിമര്‍ശനം’ എന്ന തലക്കെട്ടിലാണ് വി എസ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
 
വി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
“ഒരു സ്വയം വിമര്‍ശനം
 
ഈ മാസം 18 ന് രണ്ട് പത്രലേഖകരോട് അഞ്ച് മിനുട്ട് സംസാരിച്ചു എന്നാണ് എന്‍റെ ഓര്‍മ്മ. അതിലൊരാള്‍ കേരളത്തിലെ ജനങ്ങള്‍ താങ്കള്‍ മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന്‍ ചോദിച്ചു. അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം പക്ഷേ പാര്‍ട്ടിയാണ് അത് തീരുമാനിക്കുന്നത് എന്നു ഞാന്‍ പറഞ്ഞു. വേറൊരു ചോദ്യം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിപട്ടികയെക്കുറിച്ച് ആക്ഷേപമുണ്ടല്ലോ എന്നായിരുന്നു. ആക്ഷേപമുണ്ടാകാം എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. പക്ഷേ അച്ചടിച്ചു വന്നത് കേരളത്തിലെ ജനങ്ങള്‍ ഞാന്‍ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു എന്ന്‍ ഞാന്‍ പറഞ്ഞു എന്നാണ് ഞാന്‍ അറിഞ്ഞത്. സ്ഥാനാര്‍ഥിപട്ടികയില്‍ എനിക്ക് ആക്ഷേപം ഉണ്ടെന്നും അച്ചടിച്ചു വന്നു. ചോദ്യങ്ങളും ഉത്തരങ്ങളും അച്ചടിച്ചുവന്നതും വ്യത്യസ്തമായ രീതിയില്‍ വായിച്ചെടുക്കാം എന്ന തരത്തിലായി.
ഇതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അത് എന്നെയാണ്. വാര്‍ത്തകള്‍ക്കായി പരക്കം പായുന്ന പത്രലേഖഖരുടെ മുന്നില്‍ വളരെ സൂക്ഷിച്ചുവേണം ഇടതുപക്ഷജനാധിപത്യമുന്നണി നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടതെന്ന് ഞാന്‍ ഒരു പോസ്റ്റില്‍ എന്നോട് തന്നെ ഉപദേശരൂപേണ പറഞ്ഞിരുന്നു. ഫലത്തില്‍ എനിക്കുതന്നെ അബദ്ധം പറ്റി. ഞാന്‍ പോസ്റ്റില്‍ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. പത്രലേഖകരുടെ കെണിയില്‍ അകപ്പെട്ടുപോയ ആ പാവപ്പെട്ട ആര്‍ച്ച്ബിഷപ്പിന്‍റെ സ്ഥിതിയിലാണ് ഞാനുമിപ്പോള്‍. ഇത്തരം അബദ്ധം ഇനി ആവര്‍ത്തിക്കില്ല.
ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരം ആണ് എന്ന് ഞാന്‍ ഇന്ന് പത്രലേഖകരോട് പറഞ്ഞു. ആ പദപ്രയോഗം പാടില്ലായിരുന്നു. ഞാന്‍ ആ പദപ്രയോഗം നിരുപാധികം പിന്‍വലിക്കുന്നു.”

വെബ്ദുനിയ വായിക്കുക