ഇടതുമുന്നണി അധികാരത്തിൽ വന്നാൽ ആദ്യം ശരിയാക്കുക പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണെന്നുള്ള കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പരസ്യ പ്രസ്താവനയ്ക്ക് മറുപടിയുമായി വി എസ് രംഗത്ത്. തനിക്കില്ലാത്ത ആശങ്കയാണ് സുധീരനെന്ന സുഹൃത്തിന് തന്നോടുള്ളതെന്നും സ്നേഹം വർധിച്ച് 'സ്നേഹരോഗ'മായി മാറിയിരിക്കുകയാണെന്നും വി എസ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വി എസ് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.
അസഹിഷ്ണുതയുടെ പര്യായമാറി സിപിഎം മാറി, എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കുന്നത് വിഎസിനെ ആയിരിക്കുമെന്നുമാണ് സുധീരന്‍ പറഞ്ഞത്. അതേസമയം വി എസിനോട് തനിയ്ക്ക് സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
കെപിസിസി പ്രസിഡന്റ് ശ്രീ വി എം സുധീരന് എന്നോടുള്ള സ്നേഹം വർധിച്ചു വരികയാണ്. യുഡിഎഫ് നേതാക്കളിലും ഈ പ്രവണത കാണുന്നുണ്ട്. എന്നാൽ 'സ്നേഹരോഗം' കലശലായിരിക്കുന്നത് സുധീരനിലാണ്. എൽ ഡി എഫ് അധികാരത്തിൽ വന്നാൽ എന്റെ പാർട്ടി എന്നെ ശരിപ്പെടുത്തിക്കളയും എന്നാണ് സുധീരൻ വലിയ വായിൽ നിലവിളിക്കുന്നത്. എനിക്കില്ലാത്ത ആശങ്കയാണ് ഈ സുഹൃത്തിന് എന്റെ കാര്യത്തിലുള്ളത്. ഈ സ്നേഹപ്രകടനത്തിന് പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുന്നു.
എന്നു മാത്രമല്ല, സുധീരന്റെ കോൺഗ്രസിലേയും യുഡിഎഫിലേയും അവസ്ഥ സഹതാപത്തോടെ അവർ കാണുകയും ചെയ്യുന്നു. ഉമ്മൻ ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയും കൂട്ടാളികളും ചേർന്ന് ഒരു മൂലയ്ക്ക് ഒതുക്കിയിരുത്തിയിരിക്കുന്ന ആളാണ് വി എം സുധീരൻ. യുഡിഎഫ് എന്ന തരികിട സർക്കസ് കമ്പനിയിലെ ഒരു സഹായി മാത്രമാണ് വി എം സുധീരൻ. ആദർശത്തിന്റെ പൊയ്മുഖം അണിഞ്ഞ് അദ്ദേഹം കാണികളെ കുടുകുടാ ചിരിപ്പിക്കുന്നു!