മത്സ്യത്തൊഴിലാളികളെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല: ലത്തീൻ സഭ

ശനി, 1 ഓഗസ്റ്റ് 2015 (15:15 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിക്കെതിരെ ലത്തീൻ കത്തോലിക്കാ സഭ രംഗത്ത്. പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ടാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കിയാല്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാകുമെന്നും ലത്തീൻ സഭ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.

വിഴിഞ്ഞത്തിനായി സ്ഥലമേറ്റെടുക്കുമ്പോഴുമുള്ള പുനരധിവാസ പാക്കേജിൽ ഇപ്പോഴും വ്യക്തതയില്ല. പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയതു വസ്തുകൾ മറച്ചുവച്ചാണ്. പദ്ധതി ഈ നിലയിൽ മുന്നോട്ട് പോയാൽ എന്തു വില കൊടുത്തും തടയും. തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ലത്തീൻ കത്തോലിക്കാ സഭ വ്യക്തമാക്കുന്നുണ്ട്.

നാളെ പള്ളികളിൽ വായിക്കാൻ തയ്യാറാക്കിയ ഇടയലേഖനത്തിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ കത്തോലിക്കാ സഭ നയം വ്യക്തമാക്കിയിരിക്കൂന്നത്.

വെബ്ദുനിയ വായിക്കുക