കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അമ്മയും വിസ്മയയെ മര്‍ദിച്ചിരുന്നുവെന്നാണ് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നത്. ഫാദേഴ്‌സ് ഡേയ്ക്ക് മെസേജ് അയച്ചതിനു വിസ്മയയുടെ ഫോണ്‍ കിരണ്‍കുമാര്‍ തല്ലിപ്പൊട്ടിച്ചെന്നാണ് ത്രിവിക്രമന്‍ പറയുന്നത്. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമായിരുന്നു കിരണിന്റെ മര്‍ദനം. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ടെന്നും ത്രിവിക്രമന്‍ പറയുന്നു. കിരണിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിസ്മയയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
ഭര്‍തൃവീട്ടില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനങ്ങളെ കുറിച്ച് വിസ്മയ സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍ത്താവ് തന്നെ പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ലെന്ന് വിസ്മയ അമ്മയെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. 'അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ...പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ല,' അമ്മയെ വിളിച്ച് വിസ്മയ അവസാനം പറഞ്ഞത് ഇതായിരുന്നുവെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത് പറഞ്ഞു.