വിജയ ബാങ്ക് കവര്‍ച്ച: നാലുപേരെ അറസ്റ്റ് ചെയ്തു; നഷ്‌ടപ്പെട്ട സ്വര്‍ണം കണ്ടെടുത്തു

ഞായര്‍, 4 ഒക്‌ടോബര്‍ 2015 (17:35 IST)
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസില്‍ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് സഹായം ചെയ്തു കൊടുത്ത മൂ‍ന്നുപേരെ ഇനി പിടികൂടാനുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ ജില്ല പൊലീസ് മേധാവി ഡോ എ ശ്രീനിവാസ് അറിയിച്ചു.  മോഷണം പോയ സ്വര്‍ണ്ണം മുഴുവനും ഇന്നലെയും ഇന്നുമായി പിടിച്ചെടുത്തതായും പോലീസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
കുടകില്‍ താമസിക്കുന്ന മലയാളി സുലൈമാന്‍ (50), കാഞ്ഞങ്ങാട് സ്വദേശി അബ്‌ദുള്‍ ലത്തീഫ്, കാസര്‍കോഡ് സ്വദേശി മനാഫ്, കാഞ്ഞങ്ങാട് ആവക്കരയില്‍ മുബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശികളായ രാജേഷ്, മുരളി, കുടക് സ്വദേശി അഷറഫ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
 
ബാങ്കിന് സുരക്ഷ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്രനായ്ക്കിന്റെയും നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ ഇ പ്രേമചന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. 

വെബ്ദുനിയ വായിക്കുക