തർക്കങ്ങൾക്കും വിവാദങ്ങൾക്കും അവസാനം; മന്ത്രി ഇ പി ജയരാജൻ രാജി വെച്ചേക്കും; രാജിസന്നദ്ധത പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചു

വ്യാഴം, 13 ഒക്‌ടോബര്‍ 2016 (10:52 IST)
ബന്ധുനിയമന പ്രശ്നത്തിൽ മന്ത്രി ഇ പി ജയരാജൻ പാർട്ടിയെ രാജി സന്നദ്ധത അറിയിച്ചു. വിജിലൻസ് കോടതിയിൽ രാജി അറിയിക്കും. മന്ത്രി രാജി വെക്കുകയാണെങ്കിൽ പിണറായി മന്ത്രിസഭയിലെ ആദ്യത്തെരാജിയായിരിക്കും ഇത്. മന്ത്രിക്കെതിരെയുള്ള ത്വരിത പരിശോധനയുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. 
 
മന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാറാണെന്ന് ഇ പി ജയരാജൻ മുഖ്യമന്ത്രിയെയും അറിയിച്ചു. വരും ദിവസങ്ങളിൽ വിഷയം ചർച്ചയാകാതിരിക്കാനും വിവാദമാകാതിരിക്കാനുമാണ് രാജി പ്രഖ്യാപനമെന്നാണ് ലഭിക്കുന്ന വിവരം. ബന്ധു‌നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഒരു പ്രശ്നമുണ്ടാകാതിരിക്കാനാണ് ഈ തീരുമാനം. വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറി‌യേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
 
ഇ പി ജയരാജനെതിരെയുള്ള വിജിലൻസ് ത്വരിതപരിശോധനയി‌ൽ ഉടൻ തീരുമാനമാകും. വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന തിരുത്തൽ വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. 

വെബ്ദുനിയ വായിക്കുക