അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ

അഭിറാം മനോഹർ

ചൊവ്വ, 18 ഫെബ്രുവരി 2020 (18:27 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍  മുന്‍ മന്ത്രിയും എംഎല്‍എയുമായ വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. 2011 മുതല്‍ 2016 വരെ യുഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്ന വി എസ് ശിവകുമാർ ഇക്കാലയളവിൽ പേഴ്സണൽ സ്റ്റാഫുകളേയും സുഹൃത്തുക്കളെയും ബിനാമിയാക്കി സ്വത്ത് വകകൾ സമ്പാദിച്ചുവെന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ് ഐ ആറിൽ പറയുന്നു.
 
ശിവകുമാറിനെ കൂടാതെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളുമായ എം.രാജേന്ദ്രൻ, ഷൈജു ഹരൻ, എന്‍എസ് ഹരികുമാർ എന്നിവരും വിജിലൻസിന്റെ പ്രതിപട്ടികയിലുണ്ട്. എം രാജേന്ദ്രനെ ബിനാമിയാക്കി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. മറ്റ് പ്രതികൾ അനധികൃത സ്വത്ത് സമ്പാദനത്തിന് സഹായം നൽകുകയും ചെയ്‌തു. വി എസ് ശിവകുമാറിന്റെ സ്വത്ത് വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്ന നിലപാടിലാണ് വിജിലൻസ് ഇപ്പോളുള്ളത്. തിരുവനന്തപുരത്തടക്കം സ്വത്ത് വാങ്ങിക്കൂട്ടിയെന്ന ആരോപണം വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ശിവകുമാർ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും.
 
അതേ സമയം ഏതു തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായും അന്വേഷണത്തോട് സഹകരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. എഫ്ഐആര്‍ ഇട്ട വിജിലന്‍സ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ തേജോവധം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍