11 കോടിയുടെ അനധികൃത സ്വത്ത്: ടിഒ സൂരജിനെതിരെ കുറ്റപത്രം നല്‍കി

ശനി, 27 ജനുവരി 2018 (14:10 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍‌സ് കോടതിയില്‍ എറാണകുളം സ്പെഷ്യൽ വിജിലൻസ് സെൽ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വരുമാനത്തേക്കാൾ 314 ശതമാനം അധികം അനധികൃതമായി സ്വത്ത് സൂരജ് സമ്പാദിച്ചെന്ന് വ്യക്തമാക്കുന്നു.

2004 - 2014 കാലയവളവില്‍ 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിനുണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൊച്ചിയിലെ വീട്, ഗോഡൗൺ, മറ്റ് കെട്ടിടങ്ങൾ എന്നിവ അനധികൃതമായി സമ്പാദിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്. കൂടാതെ കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികള്‍ ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലയളവിലാണ് സൂരജ് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത്. പത്തുവര്‍ഷത്തിനിടെ സൂരജിന്റെ സ്വത്തില്‍ 114 ശതമാനം വര്‍ദ്ധന ഉണ്ടായെന്നും കണ്ടെത്തി.

സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ആര്‍ജിച്ചിരിക്കുന്നത് സൂരജാണെന്നും സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബിനാമി പേരുകളിലുമായി മൂന്നൂറ് ഇരട്ടി രൂപയുടെ സ്വത്ത് സൂരജ് സമ്പാദിച്ചുവെന്നും വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.

ജേക്കബ് തോമസ് വിജിലന്‍സില്‍ ഇരുന്ന സമയത്ത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍