നാല് ജില്ലകള്‍ വെച്ച് ന്യൂനപക്ഷം കേരളം ഭരിക്കുകയാണെന്ന് എസ് എന്‍ ഡി പി

തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (13:02 IST)
നാല് ജില്ലകളിലെ ആധിപത്യം വെച്ച് കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും കേരളം ഭരിക്കുകയാണെന്ന് എസ് എന്‍ ഡി പി. രാഷ്‌ട്രീയ പാര്‍ട്ടി രൂപവത്‌കരണത്തിന് മുന്നോടിയായി ചേര്‍ത്തലയില്‍ വിളിച്ച് ചേര്‍ത്ത ആലോചനായോഗത്തില്‍ വിതരണം ചെയ്ത കുറിപ്പിലാണ് എസ് എന്‍ ഡി പി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 
 
സി പി എമ്മും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളുടെ വായിലെ ഇരയാണ്. എല്‍ ഡി എഫ് വന്നാലും യു ഡി എഫ് വന്നാലും ന്യൂനപക്ഷ പ്രീണനത്തിനാണ് മുന്‍ഗണന. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങള്‍ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ജനാധിപത്യ തമ്പുരാക്കന്മാരുടെ മുമ്പില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കുകയാണ്. എന്നാല്‍ അവരെയെല്ലാം ചവിട്ടി മെതിച്ച് കൊണ്ട് ന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടിന് വേണ്ടി ഇരു മുന്നണികളും സാമൂഹ്യ നീതിയുടെ എല്ലാ നീതി ശാസ്ത്രവും ബലികഴിക്കുകയാണ് - കുറിപ്പില്‍ പറയുന്നു.
 
വോട്ടുബാങ്കുകള്‍ പറയുന്നതാണ് കേള്‍ക്കുന്നത്. അത് എത്ര തെറ്റാണെങ്കില്‍ കൂടിയും അവര്‍ പറയുന്നതാണ് ശരി.  അതാണ് ഇപ്പോഴത്തെ കേരളത്തിലെ മുന്നണികളുടെ അവസ്ഥ. അടിസ്ഥാന ജനവിഭാഗങ്ങളോട് സി പി എം നീതി പുലര്‍ത്തിയിട്ടില്ലെന്നും ഇവിടുത്തെ ഭൂരിപക്ഷ സമുദായങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമായിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക