വിദ്യാഭ്യാസ വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം. ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കണം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് ആകെ കുത്തഴിഞ്ഞു കിടക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. പുതിയ സ്‌കൂളുകളും ബാച്ചുകളും കിട്ടാന്‍ വേണ്ടിയാണോ കേസ് നടത്തിയതെന്ന് സംശയം തോന്നുന്നു എന്നും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ആരോപിക്കുന്നു.
2020 ല്‍ മൂന്നുലക്ഷം കുട്ടികള്‍ പ്ലസ് വണിന് കുറയും. ഈ വിവരങ്ങളെല്ലാം കോടതിയെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പുതിയ സ്‌കൂളുകളും ബാച്ചുകളും തുടങ്ങാനുള്ള ഉത്തരവ് കിട്ടാനാണോ കേസ് നടത്തിയത് എന്ന സംശയവും കോണ്‍ഗ്രസ മുഖപത്രം പ്രകടിപ്പിക്കുന്നു. 800 കോടിയുടെ അധിക ബാധ്യതയാണ് പുതിയ സ്‌കൂളുകള്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്നത്.പുതിയ സ്‌കൂളുകളും ബാച്ചുകളും തുടങ്ങുന്നത് എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളിലാണ് എന്നനിര്‍ദേശം ഇക്കാര്യത്തില്‍ കാട്ടുന്ന വ്യഗ്രതയ്ക്ക് മറ്റു ചില മാനങ്ങള്‍ ഉണ്ട് എന്ന സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.
എട്ട് സര്‍ക്കാര്‍ പ്രസുകള്‍ ഉണ്ടായിട്ടും പാഠപുസ്തക അച്ചടിക്ക് സ്വകാര്യ പ്രസുകളെ ആശ്രയിക്കുന്നുവെന്ന ഗുരുതരമായ ആക്ഷേപവും വീക്ഷണം ഉന്നയിക്കുന്നു.കുട്ടികളുടെ യൂണിഫോം,പാഠപുസ്തക വിതരണം,എസ്എസ്എ ഫണ്ട് വിനിയോഗം, പ്ലസ് വണ്‍ പ്രവേശനം ,ഏക ജാലക സംവിധാനം,കുട്ടികളുടെ ഉച്ചഭക്ഷണം,അനാദായകരമായ സ്‌കൂളുകള്‍,അധ്യാപകരുടെ ജോലിസ്ഥിരത തുടങ്ങിയ കാര്യങ്ങളിലും വീഴ്ച വന്നുവെന്ന് വീക്ഷണം കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസ വകുപ്പെന്ന ഈജിയന്‍ തൊഴുത്ത് ശുദ്ധിയാക്കണമെന്ന ആഹ്വാനത്തോടെയാണ് വീക്ഷണത്തിലെ എഡിറ്റോറിയല്‍ അവസാനിക്കുന്നത്.