തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസ്സുകാരനെ തൊഴിച്ചു തെറിപ്പിച്ച സംഭവം മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജസ്ഥാനിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നതായും വി ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചിരുന്നു. ഇത് ഗുരുതരമായ വീഴ്ചയാണെന്നും സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന് വിവാദമുണ്ടായപ്പോഴാണ് പോലീസിന് വകതിരിവുണ്ടായതെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇത് ഒറ്റപ്പെട്ട സംഭവമാകും.പക്ഷേ ഈ പൊലീസ് കേരളത്തിന് അപമാനമാണ്. കേരളത്തിൽ പൊലീസ് സംരക്ഷണം ആർക്കാണ്, ഇരയ്ക്കോ അതോ വേട്ടക്കാർക്കോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വിഡി സതീശൻ്റെ ഫേസ്ബുക്ക് കുറിപ്പ്
മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ തൻ്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറുപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നു.
പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പോലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്. സി.സി.ടി.വി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് വിവാദമായപ്പോഴാണ് പോലീസിന് വകതിരിവുണ്ടായത്. സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് തലശ്ശേരി പോലീസ് അനങ്ങിയത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും. പക്ഷേ ഈ പോലീസ് കേരളത്തിന് അപമാനമാണ്. കേരളത്തിൽ പോലീസ് സംരക്ഷണം ആർക്കാണ് ഇരയ്ക്കോ അതോ വേട്ടക്കാർക്കോ?