ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപുള്ളിയായി ഇന്റര്‍പോള്‍ പ്രഖ്യാപിച്ചു

ബുധന്‍, 29 ജൂലൈ 2015 (13:32 IST)
കൊച്ചിയിലെ അല്‍ സറഫ ഏജന്‍സി ഉടമയും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ വിദേശത്തുകഴിയുന്ന പ്രതിയുമായ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപുള്ളിയായി ഇന്റര്‍പോള്‍ പ്രഖ്യാപിച്ചു. സിബിഐയുടെ ആവശ്യപ്രകാരമാണ് ഇന്റര്‍പോള്‍ വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പിനെ ഉള്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച അറിയിപ്പ് ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
 
ഉതുപ്പ് വര്‍ഗീസിന്റെ പേരും ഫോട്ടോയും കേസിന്റെ വിവരങ്ങളും ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മയിലക്കാട്ട്, വര്‍ഗീസ് ഉതുപ്പ് എന്ന പേരിലാണ് വാണ്ടഡ് ലിസ്റ്റ്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, 1988ലെ അഴിമതി നിരോധന നിയമത്തിന്റെ ലംഘനം (സര്‍ക്കാര്‍ ജീവനക്കാരനുമായി ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ പെരുമാറ്റദൂഷ്യം), കുടിയേറ്റക്കാരില്‍ നിന്നും അമിതമായ നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇന്റര്‍പോള്‍ ഉതുപ്പിനെതിരെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
 
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് അഡോള്‍ഫ് ലോറന്‍സാണ് കേസിലെ ഒന്നാം പ്രതി. കുവൈത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കരാര്‍ ലഭിച്ച അല്‍ സറഫ ഏജന്‍സിക്ക് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 19,500 രൂപ മാത്രമായിരുന്നു ഫീസ് ഈടാക്കാന്‍ അധികാരമുണ്ടായിരുന്നത്. എന്നാല്‍ ഇത് മറച്ചുവച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 19,50,000 രൂപ വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. പ്രൊട്ടക്ഷര്‍ ഓഫ് എമിഗ്രന്റിന്റെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്.
 

വെബ്ദുനിയ വായിക്കുക