ജീവപര്യന്തം ശിക്ഷ ലഭിച്ചയാള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മുക്തനാകുന്നത് എങ്ങനെ? ജീവപര്യന്തം എന്നാല്‍ 14 വര്‍ഷം തടവാണോ?

ബുധന്‍, 13 ഒക്‌ടോബര്‍ 2021 (14:26 IST)
ഉത്ര വധക്കേസില്‍ ശിക്ഷാവിധി പ്രസ്താവിച്ചതിനു പിന്നാലെ ജീവപര്യന്തം എന്താണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ജീവപര്യന്തം എന്നാല്‍ 14 വര്‍ഷം തടവ് ആണെന്ന തരത്തില്‍ പലരും വിശ്വസിച്ചു വച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികള്‍ പലരും 14 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങി എന്ന വാര്‍ത്ത കേട്ടാണ് ആളുകളുടെ ഇടയില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാകുന്നത്. എന്നാല്‍, യാഥാര്‍ഥ്യം എന്താണെന്ന് നോക്കാം. 
 
ഒരു ക്രിമിനല്‍ കേസില്‍ കുറ്റക്കാരന്‍ എന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവന്‍ അഥവാ മരണം വരെ ജയിലില്‍ ഇടുക എന്നതാണ് നിയമ പ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിന് അര്‍ത്ഥം. ജീവപര്യന്തം എന്നാല്‍ 14 വര്‍ഷമാണെന്ന് നിയമത്തില്‍ എവിടെയും ഇല്ല. ക്രിമിനല്‍ പ്രൊസീജയര്‍ കോഡിലെ 432 വകുപ്പ് പ്രകാരം തടവ് പുള്ളികള്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് ശിക്ഷ ഇളവുകള്‍ നല്‍കാനുള്ള അധികാരമുണ്ട്. എന്നാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ അപ്രകാരം മോചിപ്പിക്കണമെങ്കില്‍ CrPC 433 - A പ്രകാരം അയാള്‍ ചുരുങ്ങിയത് 14 വര്‍ഷക്കാലമെങ്കിലും ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരിക്കണം. ഈ 14 വര്‍ഷത്തെയാണ് ജീവപര്യന്തം കാലയളവായി ജനങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുള്ളത്. എത്ര ചെറിയ ശിക്ഷ ലഭിച്ച ആളാണെങ്കിലും ജീവപര്യന്തം ശിക്ഷ ലഭിച്ച ആളാണെങ്കിലും ജയിലിലെ പ്രതിയുടെ പെരുമാറ്റം, രോഗാവസ്ഥ, കുടുംബാംഗങ്ങളുടെ അവസ്ഥ, സമസ്ഥാന സര്‍ക്കാരിന് ശരിയാണെന്നും, ആവശ്യമാണെന്നും തോന്നുന്ന മറ്റ് സാഹചര്യങ്ങള്‍ ഇവ കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാവുന്നതാണ്.

കടപ്പാട്: അഡ്വ.ശ്രീജിത്ത് പെരുമന
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍