വോട്ടിന് പണം; പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സിപി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്കുന്ന വീഡിയോ പുറത്ത്, തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്ന് സിപിഎം- പണം നല്കുന്ന വീഡിയൊ കാണാം
വ്യാഴം, 12 മെയ് 2016 (15:40 IST)
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ സിപി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ പുറത്ത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ഇത് വ്യക്തമാക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാകണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
വീഡിയോയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വീട്ടിലെത്തുന്ന എംഎല്‍എ കുടുംബാംഗങ്ങളോട് വിശേഷങ്ങള്‍ അന്വേഷിക്കുകയും എല്ലാം ശരിയാക്കാം എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്.
അതേസമയം, ദൃശ്യത്തെ തള്ളിപ്പറഞ്ഞ് സിപി മുഹമ്മദ് രംഗത്തെത്തി. പ്രചാരണത്തിനോട് അനുബന്ധിച്ചുള്ള ഭവനസന്ദര്‍ശനത്തിനിടെ കാന്‍സര്‍ രോഗിയായ സ്ത്രീയുടെ വീട്ടില്‍ എത്തുകയും അവരുടെ കൈയില്‍ പിടിച്ച് വിശേഷം അന്വേഷിക്കുകയും വോട്ട് അഭ്യര്‍ഥിക്കുകയുമാണ് താന്‍ ചെയ്തത്. വിഷയത്തില്‍ മുന്നണിയും സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്:-
തെരഞ്ഞെടുപ്പിൽ യു ഡി എഫ് വൻതോതിൽ അധികാര ദുർവിനിയോഗം നടത്തുകയാണ്. വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമവും സംസ്ഥാന വ്യാപകമായി യു ഡി എഫ് നേതൃത്വത്തിൽ നടക്കുന്നു.
പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി സി പി മുഹമ്മദ് ഭവനസന്ദർശനത്തിനിടെ വോട്ടർമാർക്ക് പണം നല്കുന്നത്തിന്റെ ദൃശ്യം ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.
കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപാ നോട്ടുകൾ കാസർകോട് ജില്ലയിൽ കണ്ടെത്തിയതാണ്. പരാജയ ഭീതിയിൽ കണക്കില്ലാതെ പണം ഒഴുക്കുകയാണ് യു ഡി എഫ്.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമീഷൻ തയാറാകണം. വോട്ടർമാർക്ക് പണം നല്കി സ്വാധീനിക്കുന്ന സ്ഥാനാർഥി അയോഗ്യനാണ്. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങൾ തടയാൻ കര്‍ശന നടപടി വേണം. ഇത്തരം തെറ്റായ പ്രവണതകൾ ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാൻ എൽ ഡി എഫ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു