പ്രതിഷേധം ശക്തം; അയ്യപ്പ ദർശനത്തിനായെത്തിയ തൃപ്‌തി ദേശായിയും സംഘവും വിമാനത്താവളത്തിൽ കുടുങ്ങി, ശരണം വിളിയുമായി നൂറുകണക്കിന് പ്രതിഷേധക്കാർക്ക് മുന്നിൽ യാത്രാസൗകര്യം പോലും ലഭിക്കാതെ ഭൂമാതാ ബ്രിഗേഡ് നേതാവ്
ശബരിലമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവും ആക്‌ടിവിസ്‌റ്റുമായ തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തൃപ്‌തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. എന്നാൽ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവർക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല. ഓൺലൈൻ ബുക്ക് ചെയ്‌ത് ടാക്‌സിയിൽ പോകാൻ ശ്രമം നടത്തിയതും വിഫലമായി.
ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പൊലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്.