ഇനി വറുതിയുടെ നാളുകള്‍; ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, മത്സ്യത്തിന് വില വര്‍ദ്ധിക്കും

ചൊവ്വ, 14 ജൂണ്‍ 2016 (08:04 IST)
സംസ്ഥാനത്ത് ഇന്നു അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് നിരോധം. ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വിളിച്ചുചേര്‍ത്ത മത്സ്യമേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ട്രോളിംഗ് നിരോധം തുടരാന്‍ തീരുമാനിച്ചത്.

തീരദേശ ജില്ലകളില്‍ ട്രോളിംഗ് നിരോധനം മുന്നില്‍കണ്ടുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് സൌജന്യറേഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന ബോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ കരക്കടുപ്പിച്ചിരുന്നു.

ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കും. നിയമലംഘനം നടത്തുന്നവരെ പിടികൂടി കര്‍ശന പിഴ ചുമത്തും. നിരോധനകാലത്ത് സംസ്ഥാനത്തെ എല്ലാ യന്ത്രവല്‍ക്കൃത ബോട്ടുകള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍ക്കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍ പാടില്ല. ചെറു വള്ളങ്ങള്‍ക്ക് മാത്രമാണ് കടലില്‍ പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ 3,200ഓളം വരുന്ന ടോള്‍നെറ്റ്, പേഴ്സിന്‍ ബോട്ടുകളിലെ തൊഴിലാളികളുടെയും അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്ന ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് ഇനി വറുതിയുടെ നാളുകളായിരിക്കും. അതേസമയം, പച്ചക്കറികള്‍ക്ക് വന്‍ വില വര്‍ദ്ധനയുണ്ടായതിന് പിന്നാലെ മത്സ്യത്തിനും വില വര്‍ദ്ധിക്കും.  

വെബ്ദുനിയ വായിക്കുക