തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു

ശ്രീനു എസ്

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (08:58 IST)
ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാ കളക്ടര്‍ ഡോ.  നവജ്യോത് ഖോസ ഉത്തരവ് പുറപ്പെടുവിച്ചു. സി.ആര്‍.പി.സി 144-ന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുളള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനു വേണ്ടിയാണ് 92 സെക്ടറല്‍ ഓഫീസര്‍മാരെയും, കോവിഡ് സെന്റിനലുകളെയും നിയോഗിച്ചിരിക്കുന്നത്.
 
ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികള്‍ക്കും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ പൊതുജനങ്ങള്‍ പാലിക്കുന്നെണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.
 
സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിട്ടൈസ് ചെയ്യല്‍ എന്നീ ബ്രേക്ക് ദ ചെയിന്‍ മാര്‍ഗ്ഗങ്ങള്‍, ക്വാറന്റൈന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, വിവാഹം, ശവസംസ്‌കാരചടങ്ങ് എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലുളള നിയന്ത്രണം, ഓഡിറ്റോറിയങ്ങള്‍ അടക്കമുളള സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ എന്നിവ ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. മൈക്രോകണ്ടെയിന്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, റിവേഴ്സ് ക്വാറന്റൈന്‍, കടകള്‍, മാര്‍ക്കറ്റുകള്‍ മറ്റു വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കോവിഡ് പ്രോട്ടോകോള്‍ പാലനം എന്നിവയും ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ണും കാതുമായി ഇവര്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍