കോവിഡ് രോഗികള്‍ സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആകുമെന്ന് ആരോഗ്യമന്ത്രിയും സംസ്ഥാന സമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറും വ്യക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളാണെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രചാരണം പൊളിഞ്ഞെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ആരോഗ്യമന്ത്രിയുടെ നിഗമനത്തെ മുഖ്യമന്ത്രിയും പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിഗമനം ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു. കേരളത്തില്‍ യാതൊരു വിധ സമരങ്ങളും ഇല്ലാതിരുന്നപ്പോഴാണ് ഓഗസ്റ്റില്‍ ആരോഗ്യമന്ത്രിയുടെ നിഗമനം പുറത്തുവന്നത്. പ്രതിപക്ഷ സമരമാണ് കോവിഡ് പടരാന്‍ കാരണമെന്നതു സംബന്ധിച്ച എന്തെങ്കിലും ഡേറ്റ സര്‍ക്കാരിനു പക്കലുണ്ടോയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.