മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിതര വിഭാഗങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കുന്നു

ശ്രീനു എസ്

വെള്ളി, 24 ജൂലൈ 2020 (20:25 IST)
കോവിഡ് വ്യാപനതോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിതര വിഭാഗങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കുന്നു. നഗരത്തിലെ ഏതാനും പ്രദേശങ്ങളില്‍ രോഗ വ്യാപനംം കൂടുതലായ സാഹചര്യത്തില്‍ വിവിധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന രോഗികളില്‍ രോഗ സാധ്യത സംശയിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സാര്‍വത്രിക മുന്‍കരുതല്‍ വേണമെന്ന് നേരത്തേ തീരുമാനമെടുത്തിരുന്നു. 
 
ഇതിന്റെ ഭാഗമായി കോവിഡിതര രോഗികളെ ചികിത്സിക്കുന്നവരും പരിചരിക്കുന്നവരുമായ മുഴുവന്‍ ജീവനക്കാരും എന്‍ 95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, ഗൗണ്‍, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. രോഗലക്ഷണങ്ങളുള്ള ഡോക്ടര്‍മാരെയും സമ്പര്‍ക്ക പട്ടികയിലുള്ളവരെയുമെല്ലാം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറിലധികം ജീവനക്കാര്‍ നിലവില്‍ ക്വാറന്റൈനിലുണ്ട്. 
 
ഇവരുടെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തിരികെ ജോലിയില്‍ പ്രവേശിയ്ക്കും. കോവിഡിതര രോഗികളുടെ ചികിത്സ റിസര്‍വ് പൂളിലുള്ള ജീവനക്കാരെ ഉപയോഗിച്ച് തടസമില്ലാതെ നടത്തി വരുന്നു. ഇതു വരെ കോവിഡ് ചികിത്സയ്ക്കിടെ ഒരു ആരോഗ്യ പ്രവര്‍ത്തകനു പോലും രോഗബാധ ഉണ്ടായിട്ടില്ലെന്നത് മെഡിക്കല്‍ കോളേജ് ആശുപത്രിയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍