ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറില്‍ ടോറസ് ഇടിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്. കയറ്റത്തില്‍ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകിലുണ്ടായിരുന്ന ടോറസ് ലോറി ഇടിക്കുകയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് അഡീഷണല്‍ എസ്‌ഐ ജയരാജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിവൈഎസ്പി സാജു അബ്രഹാമിന് കൈമാറി. കയറ്റത്തില്‍ ഗതാഗത തടസമുണ്ടായപ്പോള്‍ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് മുന്നിലുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടു. അബ്ദുള്ളക്കുട്ടിയുടെ കാറും ബ്രേക്കിട്ട് നിര്‍ത്തി. തൊട്ടു പിറകിലുണ്ടായിരുന്ന ടോറസിലെ ഡ്രൈവര്‍ക്ക് ബ്രേക്കിടാന്‍ സാധിച്ചില്ല. ഇത് കാറില്‍ ഇടിച്ചു. ഇടിയില്‍ തെന്നി മുന്നോട്ട് നീങ്ങിയ കാര്‍ മുന്നിലുള്ള കാറില്‍ ഇടിച്ച ശേഷം പിറകിലേക്ക് നീങ്ങി വീണ്ടും ടോറസില്‍ ഇടിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ടോറസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.